മുളന്തുരുത്തി: വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു അപകടത്തില്‍ മരണപ്പെട്ട കായികാധ്യാപകന് വി.കെ. വിഷ്ണു (33).
രണ്ടുവര്‍ഷം മുന്‍പാണ് വിഷ്ണു മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളിലേക്കു കായികാധ്യാപകനായി എത്തിയത്.
കുട്ടികളുമായി ഏറെ സൗഹൃദം സ്ഥാപിച്ചിരുന്ന വിഷ്ണു സാര്‍ കുട്ടികൾക്ക് ഒരു അധ്യാപകന് മാത്രമായിരുന്നില്ല, കളിതമാശകള്‍ പങ്കുവയ്ക്കുന്ന നല്ല സുഹൃത്ത് കൂടിയായിരുന്നു.
പുഞ്ചിരിക്കുന്ന മുഖവുമായേ വിഷ്ണുവിനെ അധ്യാപകരും കുട്ടികളും സുഹൃത്തുക്കളും കണ്ടിട്ടുള്ളൂ. സ്വന്തം പ്രാരാബ്ധങ്ങളും സങ്കടങ്ങളും ആ പുഞ്ചിരിക്കു പിന്നില്‍ മറച്ചുവച്ചിരുന്നു.
ജീവിതത്തെക്കുറിച്ച് ഏറെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു ആ അധ്യാപകന്. കായിക മേഖലയില്‍ ഉയരങ്ങളിലെത്തണമെന്ന് അതിയായി ആഗ്രഹിച്ചു. അതിനുവേണ്ടി കഠിനാധ്വാനവും ചെയ്തു.
വിഷ്ണുവിന്റെ പങ്കാളിത്തമില്ലാത്ത ഒരു കായിക മത്സരവും നാട്ടില്‍ നടക്കാറില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
വളരെ ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട വിഷ്ണുവിന് പഠനത്തിനും ഉപരിപഠനത്തിനും സഹായമായത് കായികരംഗത്തെ മികവായിരുന്നു.
ബേസ്ബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍ തുടങ്ങി എല്ലാ കായിക ഇനങ്ങളിലും വിഷ്ണു പ്രാഗത്ഭ്യം തെളിയിച്ചു. എല്ലാ കായിക ഇനങ്ങളെക്കുറിച്ചും ആഴത്തില്‍ അറിവും സമ്പാദിച്ചു.
മുമ്പ് വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജോലി നോക്കിയ ശേഷം പിന്നീട് ആലുവയിലെയും പെരുമ്പാവൂരിലെയും സ്കൂളുകളില്‍ കായികാധ്യാപകനായി.
മുളന്തുരുത്തി ടോപ് സ്റ്റാര്‍ എന്ന കൂട്ടായ്മയുടെ സ്ഥാപകരിലൊരാളുമാണ് വിഷ്ണു. കായികാധ്യാപകനായി ജോലി ചെയ്യുമ്പോള്‍തന്നെ അവധി ദിവസങ്ങളില്‍ ഏതു തൊഴില്‍ ചെയ്യാനും സന്നദ്ധനായ കഠിനാധ്വാ നിയായിരുന്നു.
സ്കൂളിലെ ഒരു വിദ്യാര്‍ഥിയുടെ വീട്ടില്‍ അവധിദിവസം ടൈല്‍ വിരിക്കാന്‍ എത്തിയത് കുട്ടിയുടെ രക്ഷിതാക്കളില്‍ അദ്ഭുതവും ആദരവും സൃഷ്ടിച്ചിരുന്നു.
ശീതള്‍ ആണ് ഭാര്യ. ഒന്നര വയസുള്ള നയ്നിക ഏക മകളാണ്. മൃതദേഹം മുളന്തുരുത്തി സ്വര്‍ഗീയ ശ്മശാനത്തില്‍ സംസ്കരിച്ചു.