പിറവം: വടക്കഞ്ചേരിയിലെ വാഹനാപകടത്തിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റു ബസ് ഡ്രൈവറായ ജോമോൻ എന്നു വിളിക്കുന്ന ജോജു പത്രോസ് പൂക്കോടനെതിരേ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധം.
പിറവത്തിനടുത്ത് അന്ത്യാൽ സ്വദേശിയായ ജോമോൻ ആദ്യം സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. 20 വർഷത്തോളമായി ടൂറിസ്റ്റ് ബസ് ഓടിക്കുകയാണ്.
ഇതിനിടെ സ്വന്തമായി പാർട്ണർഷിപ്പോടെ ട്രാവൽസ് ഓഫീസ് തുറന്നെങ്കിലും പിന്നീട് ഇതു നിർത്തി. ഇതിനു ശേഷം സീസണിൽ ടൂറിസ്റ്റ് ബസുകൾ മാസവാടകയ്ക്കെടുത്ത് സർവീസ് നടത്തുന്നുണ്ടായിരുന്നു.
ജോമോൻ മറ്റൊരു ബസിൽ ഊട്ടിക്ക് ഓട്ടം പോയതിനു ശേഷം തിരികെയെത്തിയ ഉടനെ, അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിൽ ഡ്രൈവറായി കയറുകയായിരുന്നു.
ഈ ബസ് വേളാങ്കണ്ണിയിൽ പോയ ശേഷം തിരികെയെത്തിയതായിരുന്നു. പുളിക്കമാലി സ്വദേശിയുടേതാണ് ബസ്.
ജോമോനെതിരേ മദ്യപിച്ച് വാഹനമോടിച്ചതിനും ഡിവൈഎഫ്ഐ ക്കാരുമായി അടിപിടിയുണ്ടാക്കിയതിനും കേസുണ്ട്.
വർഷങ്ങൾക്കു മുമ്പ് പളനിക്കു പോകവേ വഴിയിലൂടെ നടന്നു പോയ സ്ത്രീ ജോമോൻ ഓടിച്ച വണ്ടിയിടിച്ച് മരിച്ചിരുന്നു.
പിറവം, കൂത്താട്ടുകുളം മേഖലയിൽ വൻ സുഹൃദ്വലയമുള്ള ജോമോൻ മിക്കവാറും വണ്ടികൾ മാറി കയറി ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.