തീക്കോയി: തീക്കോയി-വാഗമണ്‍ റൂട്ടിൽ റോഡിനു നടുവിലൊരു റോഡ് റോളര്‍. വാഗമണ്‍ റോഡ് പുനരുദ്ധാരണത്തിന് എത്തിച്ച റോഡ് റോളറാണ് തകരാറിലായി റോഡിനു നടുവില്‍ കിടക്കുന്നത്.
തീക്കോയിയിലെ പെട്രോള്‍ പമ്പിനു മുന്നിലാണ് റോഡിന്റെ പകുതിയോളം കവര്‍ന്നു റോഡ് റോളര്‍ ഗതാഗതം തടസപ്പെടുത്തുന്നത്.
തിരക്കേറിയ വാഗമണ്‍ റോഡില്‍ വളവോട് കൂടിയ ഭാഗത്താണ് ഈ അപകടക്കെണി റോഡിൽ കിടക്കുന്നത്. കഴിഞ്ഞ മാസം അവസാനമാണ് ഈ ഭാഗത്തു റോഡുപണികള്‍ പുനരാരംഭിച്ചത്.
എന്നാല്‍, പണികള്‍ പുരോഗമിക്കുന്നതിനിടെ റോളര്‍ തകരാറിലായി. ഇതോടെ പണിയും നിലച്ചു.നാലു ടാര്‍ വീപ്പുകള്‍ നാലു വശത്തും നിരത്തി ടേപ്പ് വലിച്ചൊട്ടിച്ചു ഇപ്പ ശര്യാക്കിത്തരാമെന്നു പറഞ്ഞു പണിക്കാര് സ്ഥലം വിട്ടു.
ഇപ്പോള്‍ ദിവസങ്ങളായി ഈ വലിയ വാഹനം റോഡില്‍ത്തന്നെ കിടക്കുകയാണ്.പമ്പിലേക്കു വാഹനങ്ങള്‍ കയറുന്നതിനും ഇറങ്ങുന്നതിനുമൊപ്പം വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ കൂടിയാകുന്നതോടെ ഇവിടെ വലിയ അപകട സാഹചര്യമാണ് നിലവിലുള്ളത്.
ഒരാഴ്ചയോളമായിട്ടും വാഹനം നന്നാക്കാനോ റോഡില്‍നിന്നു മാറ്റിയിടാനോ നടപടികളുണ്ടായിട്ടില്ല.അടിയന്തരമായി അധികാരികള്‍ ഇടപെടണമെന്നും അല്ലാത്തപക്ഷം ഇതിനെതിരെ ശക്തമായ പ്രതിഷേധം സ്വീകരിക്കുമെന്നും സിപിഐ തീക്കോയി ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.