അങ്കമാലി: കള്ളനോട്ട് കേസിൽ നാലു പേർ പിടിയിലായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ പ്രത്യേക മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികൾ എവിടെയൊക്കെ കള്ളനോട്ടുകൾ വിതരണം ചെയ്തിട്ടുണ്ട്, സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
കേസിൽ തുറവൂർ പെരിങ്ങാംപറമ്പ് കൂരൻകല്ലുക്കാരൻ ജോഷി (51), നായത്തോട് കോട്ടയ്ക്കൽ വീട്ടിൽ ജിന്റോ (37), കാഞ്ഞൂർ തെക്കൻവീട്ടിൽ ജോസ് (48), മുളന്തുരുത്തി പള്ളിക്കമാലി കാഞ്ഞിരംപറമ്പിൽ വീട്ടിൽ അജിത് (26) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.
ഇവരിൽ നിന്നും 500 രൂപയുടെ നൂറു വ്യാജ നോട്ടുകളും, വ്യാജ നോട്ടിന്റെ വിപണനത്തിന് കരുതിയിരുന്ന 1,25,000 രൂപയും പിടികൂടി.
അജിത്തിന്റെ മുളന്തുരുത്തിയിലെ വീട്ടിൽ നിന്നും കള്ളനോട്ട് നിർമാണത്തിനുപയോഗിക്കുന്ന, കമ്പ്യൂട്ടർ, പ്രിന്റര്‍, ലാമിനേഷൻ മെഷീൻ, കട്ടിംഗ് ബ്ലേഡ്, പശ, ഫോയിലിംഗ് പേപ്പർ, പ്രിന്റിംഗ് പേപ്പർ, ഭാഗികമായ് പ്രിന്റ് ചെയ്ത പേപ്പർ എന്നിവയും കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജോഷിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നോട്ട് കണ്ടെത്തിയത്. 25,000 രൂപയ്ക്ക് 50,000 രൂപയുടെ കള്ളനോട്ടുകളാണ് വിപണനം ചെയ്യുന്നത്.
അന്വേഷണ സംഘത്തിൽ ഡിവൈഎസ്പി മാരായ പി.പി. ഷംസ്, പി.കെ. ശിവൻകുട്ടി, അങ്കമാലി ഇൻസ്പെക്ടർ പി.എം. ബൈജു, എസ്ഐമാരായ എൽദോ പോൾ, ഷെഫിൻ, സുരേഷ് കുമാർ, എഎസ്ഐമാരായ സുരേഷ്, റജിമോൻ, എസ്സിപിഒ സലിൻ കുമാർ, സിപിഒമാരായ പ്രഭ, രജനി, അജിത എന്നിവരാണ് ഉണ്ടായിരുന്നത്.