കൊട്ടിയം: യുവതിയായ അമ്മയേയും അഞ്ചു വയസുകാരനായ മകനെയും വീട്ടിന് പുറത്താക്കിയ ഭർത്തൃമാതാവിനെതിരെ കൊട്ടിയം പോലീസ് കേസെടുത്തു.
21 മണിക്കൂർ സമയം അമ്മയേയും കുഞ്ഞിനെയും മാനസികമായി പീഡിപ്പിച്ച കിഴവൂർ തഴുത്തല പ്രസീദാ ഭവനിൽ അജിതകുമാരി, മകൻ പ്രസിദ് ലാൽ, മകൾ പ്രസീദ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ജുവനയിൽ ജസ്റ്റിസ് കെയർ ആന്റ് പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് നിയമപ്രകാരമാണ് കേസ്. ഐ പി.സി വകുപ്പുകളും സെക്ഷനുകളും എഫ് ഐ ആറിൽ ചേർത്തിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മരുമകൾ അതുല്യ യേയും കുഞ്ഞിനെയും വീട്ടിൽ നിന്നും പുറത്താക്കിയത്.
സ്കൂളിൽ പോയിരുന്ന കുട്ടിയെ അതുല്യ വിളിച്ചു കൊണ്ടു വരുമ്പോൾ അജിതകുമാരി രണ്ടു ഗേറ്റുകളും പൂട്ടി.
വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടുകയും അതുല്യയ്ക്കും കുഞ്ഞിനും നീതി ലഭിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.
സ്ഥലത്തെത്തിയ കൊട്ടിയം പോലീസ് നിസംഗനിലപാടിലായിരുന്നു. രാത്രി പതിനൊന്നരയോടെ നാട്ടുകാരുടെ സഹായത്തോടെ അതുല്യയും കുഞ്ഞും മതിൽ ചാടി വീട്ടിന്റെ സിറ്റൗട്ടിൽ കയറി. വാതിലുകൾ പൂട്ടിയ അജിതകുമാരി ലൈറ്റുകളും ഓഫാക്കി.
സ്കൂൾ യൂണിഫോം പോലും മാറാനാകാതെ കുഞ്ഞ് ദുരിതമനുഭവിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ പോലീസ് നടത്തിയ അനുരജ്ഞനത്തെ തുടർന്ന് ഇവർക്ക് വീട്ടിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞു.
അജിതകുമാരി കുടുംബ വീട്ടിലേയ്ക്ക് മാറാനും നിർദേശം നല്കി. 21 മണിക്കൂറിന് ശേഷമാണ് അതുല്യയ്ക്കും മകനും വീട്ടിൽ കയറാൻ കഴിഞ്ഞത്.
വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ, ബാലാവകാശ കമ്മീഷൻ ചെയർമാർ മനോജ് കുമാർ എന്നിവരും സ്ഥലത്തെത്തിയിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മതിയായ സംരക്ഷണം നൽകണമെന്ന് മന്ത്രി വീണാ ജോർജും ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി.
അതുല്യയുടെ സ്വർണവും അതുല്യയുടെ വീട്ടുകാർ നൽകിയ പണവും ഉപയോഗിച്ചാണ് വീട് നിർമിച്ചതെന്ന് പോലീസിന്റെ എഫ്ഐആറിൽ പറയുന്നു.
ഈ വീട്ടിൽ നിന്നാണ് അതുല്യയേയും കുഞ്ഞിനെയും പുറത്താക്കിയത്. അജിതകുമാരി മുത്ത മരുമകൾ വിനിയെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസ് കോടതിയിലാണ്.
അതുല്യയെ മാസങ്ങൾക്ക് മുമ്പും വീട്ടിന് പുറത്താക്കാൻ അജിതകുമാരി ശ്രമിച്ചിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് പീഡനം എന്നാണ് പരാതി. അതുല്യയുടെ ഭർത്താവ് ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്.