മാള: ഒരുമിച്ചു ജോലി ചെയ്തിരുന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആറര വർഷത്തിനു ശേഷം പിടിയിൽ.
2016 മേയ് ഒന്പതിനു പുത്തൻചിറ പിണ്ടാണിയിൽ ആസാം സ്വദേശിയായ ഉമാന്ദ്നാഥിനെ ക്രൂരമായി കൊലപ്പെ ടുത്തി രക്ഷപ്പെട്ട ആസാം സോണിത്പൂർ സ്വദേശി മനോജ് ബോറ (30) യാണു പിടിയിലായത്.
ആസാമിലെ ഉൾഫാ തീവ്രവാദ ഗ്രാമത്തിൽ നിന്ന് തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്.
ആസാം സ്വദേശിയും പ്രതിയുടെ സുഹൃത്തും കൂടിയായ ഉമാനന്ദ് നാഥിനെ പരസ്പരമുണ്ടായ വഴക്കിനെ തുടർന്ന് കൊടാലികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ പ്രതി പലതവണ കത്തികൊണ്ടു കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു.
കലിയടങ്ങാത്ത പ്രതി മൃതപ്രായനായ സുഹൃത്തിനെ മണ്ണിലൂടെ നൂറു മീറ്ററോളം വലിച്ചിഴച്ച് ഒഴിഞ്ഞ പറന്പിൽ കൊണ്ടുപോയി ജീവനോടെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.
37 തവണ കത്തികൊണ്ടു കുത്തിയിട്ടുണ്ട്. തന്റെ വസ്ത്രങ്ങൾ മൃതദേഹത്തിൽ അണിയിച്ച പ്രതിയാണു കൊല്ലപ്പെട്ടതെന്നു വരുത്തിത്തീ ർത്താണു മനോജ് ബോറ നാടുവിട്ടത്.
കൊലപാതകശേഷം കേരളം വിട്ട പ്രതി കർണാടക, ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര എന്നി വിടങ്ങളിൽ ആരുമറിയാതെ കുറച്ചുനാൾ താമസിച്ചു.
പിന്നീട് ആസാമിൽ ഇയാളുടെ നാട്ടിൽ നിന്ന് 400 കിലോമീറ്ററോളം ദൂരെയുള്ള ജില്ലയിൽ എത്തിപ്പെടുകയും അഞ്ചു കൊല്ലം മുൻപ് അവിടെ വച്ചു പരിചയപ്പെട്ട ഒരു പെണ്കുട്ടിയെ വിവാഹം കഴിച്ച് ആരുമറിയാതെ ജീവിക്കുകയായിരുന്നു.
പോലീസിനു സംശയാസ്പദമായ വിധം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രഹസ്യമായ അന്വേഷണം നടത്തിയാണു പ്രതിയെ പിടികൂടിയത്.
കേസിലെ തുടർ നടപടികളെ ബാധിക്കാതിരിക്കാൻ കൂടുതൽ അന്വേഷണ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഇയാളുടെ ഭാര്യ വീടിനു സമീപമുള്ള ഉൾഫ തീവ്രവാദികളുടെ ഗ്രാമത്തിൽ നിന്നാണ് വ്യാഴാഴ്ച രാത്രി സായുധരായ ആസാം പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് അവിടെ കോടതിയിൽ ഹാജരാക്കി നാട്ടിലെത്തിക്കുകയായിരുന്നു.
കാട്ടൂർ എസ്ഐ വി.പി. അരിസ്റ്റോട്ടിൽ, എസ്ഐ നീൽ ഹെക്ടർ ഫെർണാണ്ടസ്, എഎസ് ഐ മാരായ കെ.ആർ. സുധാകരൻ, സി.എ.ജോബ്, സൈബർ വിദഗ് ധൻ എം.വി. ബിനു, സീനിയർ സി പിഒ ഇ.എസ്. ജീവൻ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തി ലുണ്ടായിരുന്നു.
“ആസാമീസ് സുകുമാര കുറുപ്പ്’ പിടിയിലായതു നിരന്തര ശ്രമത്തിനൊടുവിൽ
മാള: ബോറടിക്കാതെ തൃശൂർ റൂറൽ പോലീസ് തുടർച്ചയായി നടത്തിയ നീക്കമാണ് ആറര വർഷങ്ങൾക്കു ശേഷം പ്രതിയെ പിടികൂടുന്നതിലേക്ക് എത്തിച്ചത്.
കേസന്വേഷണം തുന്പില്ലാതെ നീണ്ടു പോയ ഒരു ഘട്ടത്തിൽ പ്രതി ആസാമീസ് സുകുമാരക്കുറുപ്പ് എന്ന പേരിൽ വിശേഷിപ്പിക്കപ്പെട്ടു.
സുകുമാരക്കുറുപ്പിനു സമാനമായ വിധമായിരുന്നു കുറ്റം നടത്തിയ ശേഷം പ്രതി മുങ്ങിയത്. എങ്കിലും മടുക്കാതെ പല ഘട്ടങ്ങളിലൂടെ കടന്ന് അഞ്ചു സംഘങ്ങളായി നടത്തിയ അന്വേഷണം ഒടുവിൽ ഫലം കണ്ടെത്തി.
ബന്ധുക്കളുമായും സുഹൃത്തുക്കളുമായും യാതൊരു ബന്ധവുമില്ലാതെയും മൊബൈൽ ഫോണ് ഉപയോഗിക്കാതെയും സോഷ്യൽ മീഡിയ ഉപയോഗിക്കാതെയും ശ്രദ്ധിച്ച പ്രതി പിടക്കപ്പെടാനുള്ള എല്ലാ വഴികളും അടച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.
താമസിച്ചിരുന്നതാകട്ടെ പോലീസിനു പെട്ടെന്നൊന്നും എത്തിപ്പെടാനാകാത്ത സംഘങ്ങൾക്കിടയിലും. എന്നിരുന്നാലും ഒടുവിൽ ആസാമീസ് സുകുമാരക്കുറുപ്പിനെ പോലീസ് തന്ത്രപരമായി പുറത്തെത്തിച്ചു.