മഹാരാഷ്ട്ര സ്വദേശിയായ ഹർഷൽ നക്ഷാനെ വാഹനപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്.
യവത്മാൽ ജില്ലയിലെ സാധാരണ കർഷകന്റെ മകനായി ജനിച്ച നക്ഷാനെയാണ് ഓട്ടോമൊബൈൽ രംഗത്തെ പുത്തൻ താരം.
വെറും 150 രൂപ ചെലവിൽ 300 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഹോംമെയിഡ് ഹൈഡ്രജൻ കാർ നിർമിച്ചു ശ്രദ്ധ നേടി നക്ഷാനെ. ഇന്ധന വില ഉയരുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള ബദൽ വാഹനങ്ങൾ ആവശ്യമാണ്.
മെക്കാനിക്കൽ എൻജിനീയറിംഗിൽ എംടെക്
ഹർഷൽ നക്ഷാനെ നിസാരക്കാരനല്ല. മെക്കാനിക്കൽ എൻജിനീയറിംഗിൽ എംടെക് ബിരുദധാരിയാണ് ഈ ചെറുപ്പക്കാരൻ.
നിലവിൽ ഇന്റർനെറ്റ് സേവനധാതാവായി പ്രവർത്തിക്കുകയാണ് നക്ഷാനെ. തന്റെ ബാല്യകാല സുഹൃത്തിന്റെ സഹായവും കാർ നിർമിക്കുന്നതിൽ നക്ഷാനെക്കു ലഭിച്ചു. നക്ഷാനെയുടെ വീട്ടിൽ വച്ചാണ് കാറിന്റെ നിർമാണജോലികൾ പൂർത്തിയാക്കിയത്.
ഇന്ധനവില കൂടിയ സാഹചര്യത്തിൽ എല്ലാവരും ബദർ മാർഗങ്ങൾ ആലോചിക്കുന്ന കാലമാണിതെന്ന് നക്ഷാനെ പറഞ്ഞു. താനും അങ്ങനെയൊക്കെ ചിന്തിക്കുകയും ചെയ്തു.
വാഹനങ്ങളുടെ പ്രവർത്തനച്ചെലവു കുറയ്ക്കുക എന്ന ലക്ഷ്യമാണു തന്നെ ഇത്തരത്തിലൊരു കാറിന്റെ നിർമാണത്തിലേക്കെത്തിച്ചതെന്നനും നക്ഷാനെ.
നിരത്തിലിറങ്ങുമോ ഹൈഡ്രജൻ കാർ
സെൽഫ് ഡ്രൈവ് കാറായാണ് നക്ഷാനെ തന്റെ സ്വപ്നവാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രോട്ടോ ടൈപ്പ് ഘട്ടത്തിലാണു നിലവിൽ വാഹനം.
നക്ഷാനെ തന്റെ സന്പാദ്യത്തിൽ നിന്ന് 25 ലക്ഷം രൂപയാണ് പല ഘട്ടങ്ങളിലായി കാറിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി ചെലവാക്കിയിരിക്കുന്നത്.
ഹൈഡ്രജന്‍ ഇന്ധന സംവിധാനത്തിനും സെല്‍ഫ് ഡ്രൈവിംഗ് സിസ്റ്റത്തിനും നക്ഷാനെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
വ്യാവസായികാടിസ്ഥാനത്തിൽ കാർ നിർമിക്കാനും നക്ഷാനെ ആഗ്രഹിക്കുന്നു. വ്യാവസായിക അടിസ്ഥാനത്തിൽ കാർ നിർമിക്കാനായാൽ വാഹനത്തിന്റെ വില കുറയ്ക്കാൻ കഴിയുമെന്നും സാധാരണക്കാർക്കും വാഹനം ഉപയോഗിക്കാൻ കഴിയുമെന്നും നക്ഷാനെ.
അതേസമയം നക്ഷാനെ ആഗ്രഹിക്കുന്നതുപോലെ അത്ര എളുപ്പം കാർ നിരത്തിലിറക്കാൻ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളത്.
മോഡിഫിക്കേഷൻ വരുത്തിയവ, വീടുകളില്‍ നിര്‍മിക്കുന്ന വാഹനങ്ങൾ തുടങ്ങിയവ ഉപയോഗിക്കുക എളുപ്പമായിരിക്കില്ല.
ഇന്ത്യയില്‍ ഇതിനെല്ലാം കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. നേരത്തെ ടൊയോട്ട ഹൈഡ്രജൻ കാറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
എന്നാൽ, ഇന്ധന ലഭ്യത, മറ്റു സേവനങ്ങളുടെ അഭാവം തുടങ്ങിയവ രാജ്യത്തുണ്ട്. ഹൈഡ്രജൻ കാറുകൾ ഇന്ത്യൻ നിരത്തുകളിലിറങ്ങുന്നത് സമീപ ഭാവിയിൽ പോലും സാധ്യമാകില്ല.