കൊച്ചി: മെഡിക്കല്‍ സ്റ്റോറില്‍നിന്നു ലഹരി പകരുന്ന ഗുളിക വാങ്ങാന്‍ 25 വയസുകാരന് കമ്പ്യൂട്ടറില്‍ കുറിപ്പടി തയാറാക്കി നല്കിയ സ്കൂള്‍ വിദ്യാര്‍ഥി പിടിയില്‍.
നാര്‍കോട്ടിക് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥി പിടിയിലായത്.
മാനസിക പ്രശ്നങ്ങള്‍ക്കും നാഡീസംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നു ലഭിക്കണമെങ്കില്‍ ഡോക്ടറുടെ കുറിപ്പടി വേണം. ഈ പ്രശ്നം മറികടക്കാനാണ് കൃത്രിമമായി കുറിപ്പടി തയാറാക്കിയത്.
ഒറിജിനലിനെ വെല്ലുന്ന കുറിപ്പടിയുമായി ലഹരി വാങ്ങിയ ആളെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോഴാണ് നിരന്തരമായി വിദ്യാര്‍ഥി വ്യാജ കുറിപ്പടികളുണ്ടാക്കി നല്കിയ വിവരം പുറത്തുവന്നത്.
കുറിപ്പടികള്‍ തയാറാക്കി നല്‍കുന്നതിനൊപ്പം ലഹരി ഉപയോഗവും പതിവാക്കിയ എറണാകുളം സ്വദേശിയായ വിദ്യാര്‍ഥിയെയും കേസില്‍ പ്രതി ചേര്‍ത്തു.
നാര്‍കോട്ടിക് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകളും രാത്രി തുറന്നിരിക്കുന്ന കഫേകളിലും നിരന്തരം പരിശോധന നടത്തുന്നുണ്ട്.
വാഹന പരിശോധനയും കര്‍ശനമാക്കി. നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.