തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കൂടുതൽ വെളിപ്പെടുിത്തലുകളുമായി സ്വപ്നയുടെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്തു വന്നതോടെ സ്വർണക്കടത്ത് വിവാദത്തിന് വീണ്ടും ചൂടുപിടിക്കുന്നു.
കേസിൽ അറസ്റ്റിലായതിനു പിന്നാലെ സ്വപ്നയുടേതായി വന്ന ശബ്ദസന്ദേശം ആദ്യം തന്നെ വിവാദമായിരുന്നു. കേസിൽ സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ മന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖർ സംശയ മുനയിലായിരുന്ന ആ സമയത്താണ് കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തു വന്നത്. ഇത് വലിയ രാഷ്ട്രീയവിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.
എന്നാൽ എൽഡിഎഫ് സർക്കാരിന് തുടർഭരണം കിട്ടുന്നതിനായാണ് സർക്കാരിലെ ഉന്നതരുടെ നിർദേശ പ്രകാരം താൻ അത്തരത്തിലൊരു ശബ്ദസന്ദേശം റിക്കാർഡ് ചെയ്തതെന്നാണ് സ്വപ്ന പുറത്തിറങ്ങാൻ പോകുന്ന ആത്മകഥയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇതുസംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുകളും സ്വപ്ന നടത്തുന്നുണ്ട്. തുടർഭരണം എന്നത് എല്ലാ വിവാദങ്ങളെയും തള്ളിക്കളയുന്നതിനുള്ള തുറുപ്പു ചീട്ടായി സർക്കാരും ഇടതുമുന്നണിയും ഉപയോഗിക്കുന്നതിനിടയിലാണ് സ്വപ്ന കൂടുതൽ വെളിപ്പെടുത്തലുമായി എത്തിയിട്ടുള്ളത്.
ഇത് രാഷ്ട്രീയ കേന്ദ്രങ്ങളിലാകെ ചർച്ചയാവുകയാണ്. മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ആരോപണം സ്പ്രിംഗ്ളർ ഡേറ്റ ഇടപാടിലൂടെ മുഖ്യമന്ത്രിയുടെ മകൾ വീണ കോടികൾ സന്പാദിച്ചെന്നാണ്.
അന്നത്തെ പ്രതിപക്ഷം സ്പ്രിംഗ്ളർ അഴിമതി സംബന്ധിച്ച ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. യുഎഇ കോണ്സുലേറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു മുൻ മന്ത്രിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് സ്വപ്ന ആത്മകഥയിൽ ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിക്കും സർക്കാരിനും സർക്കാരിലെ പ്രമുഖർക്കുമെതിരേ സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകൾ സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാകുമെന്ന വിലയിരുത്തലിലാണ് ഭരണകേന്ദ്രങ്ങൾ.
അതേസമയം കേസിൽ കരുതലോടെ നീങ്ങുന്ന പ്രതിപക്ഷവും ബിജെപിയും വിഷയം പരമാവധി ചർച്ചയാക്കാനാണ് ലക്ഷ്യമിടുന്നത്.