കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർഥിനികൾ തമ്മിൽ നാട്ടുകാർ നോക്കി നിൽക്കേ അസഭ്യവർഷവും കൈയാങ്കളിയും. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് പെണ്‍കുട്ടികളുടെ കൂട്ടയടി നടന്നത്.
മെഡിക്കൽ കോളജിനു സമീപത്തുള്ള ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന നാലു പെണ്‍കുട്ടികളാണ് പൊതുസ്ഥലത്തു പരസ്പരം അസഭ്യവർഷവും കൈയ്യാങ്കളിയും നടത്തിയത്.
ഇത് കണ്ടു നാട്ടുകാരിൽ ചിലർ കാരണം തിരക്കി പെണ്‍കുട്ടികളെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കുവാനും ശ്രമിച്ചു. എന്നാൽ പെണ്‍കുട്ടികൾ ഇവർക്കു നേരെയും അസഭ്യം പറയുകയായിരുന്നു.
ഇതോടെ നാട്ടുകാരും സമീപത്തെ കച്ചവടക്കാരും ചേർന്ന് ഗാന്ധിനഗർ പോലീസിൽ വിവരം അറിയിച്ചു.തുടർന്ന് എസ്എച്ച്ഒ കെ. ഷിജിയുടെ നിർദ്ദേശാനുസരണം വനിതാ എസ്ഐ വിദ്യയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പോലീസ് പെണ്‍കുട്ടികളെ ചോദ്യം ചെയ്തപ്പോൾ സ്കൂളിലുണ്ടായ ചില അഭിപ്രായ വ്യത്യാസമാണ് വഴക്കിനു കാരണമെന്ന് മനസിലായി.പിന്നീട് രക്ഷാകർത്താക്കളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി അവരോടൊപ്പം പെണ്‍കുട്ടികളെ വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ആർപ്പുക്കരേ ക്ഷേത്രത്തിന് മുൻഭാഗത്തെ റോഡിൽ വച്ച് ഒരു വിദ്യാർഥിനിയെ വിദ്യാർഥി പരസ്യമായി മർദ്ദിച്ചു. മർദനം സഹിക്ക വയ്യാതെ, ഈ സമയം അതു വഴി വന്ന ഒരു കാറിന് കൈകാണിച്ചു.
മെഡിക്കൽ കോളജ് ജീവനക്കാരനായ ഇയാൾ വിദ്യാർഥിനിയെ കാറിൽ കയറ്റി ബസ്റ്റാൻഡിനു് സമീപമുണ്ടായിരുന്ന ഹൈവേ പോലീസിനു കൈമാറി.
ഈ സമയം വിദ്യാർഥി ബൈക്കിൽ കാറിനെ പിൻ തുടർന്ന് എത്തിയിരുന്നു. തുടർന്ന് പോലീസ് ഇവരെ താക്കീത് നൽകി പറഞ്ഞു വിട്ടു.