പത്തനംതിട്ട ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ നരബലി നല്കിയ സംഭവത്തില്‍ പിടിയിലായ ഭഗവല്‍ സിംഗ് സോഷ്യല്‍ മീഡിയയില്‍ ‘ഹൈകു’ കവിതയിലൂടെ ശ്രദ്ധേയനായ ആള്.
ഇതു കൂടാതെ തിരുമ്മു ചികിത്സകനായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇയാളുടെ മുഖംമൂടി അഴിഞ്ഞു വീണത് കണ്ട് ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍.
കൊച്ചി പൊന്നുരുന്നിയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി പത്മത്തെയും ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലിയെയും ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും കൂട്ടാളിയും ചേര്‍ന്ന് നരബലി നല്‍കിയെന്നാണ് പോലീസ് പറയുന്നത്.
ഫേയ്സ്ബുക്കില്‍ നിരവധി ഹൈകു (ചെറു കവിതകള്‍) കവിതകള്‍ ഇയാള്‍ നിരന്തരം പോസ്റ്റ് ചെയ്തിരുന്നു.
ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു
ശകടചക്രം മുന്നോട്ടുരുളുമ്പോള്‍ വിഷമഗര്‍ത്തം
പൊഴിയും അവല് ലക്ഷ്മീതല്‍പ്പത്തില്‍ വിയര്‍പ്പുഗന്ധം
പുല്ലാനി നാമ്പ് കാറ്റിലാടും വഴിയില്‍ കുപ്പിവളകള്‍
വിരല്‍തഴക്കം നെയ്തുതീരുന്നനേരം ഇഴയടുപ്പം.
എന്നിങ്ങനെ ഹൈകു രൂപത്തിലും ദീര്‍ഘരൂപത്തിലുമുള്ള കവിതകള്‍ ഭഗവല്‍ സിംഗിന്റെ ഫേസ്ബുക്കില്‍ കാണാം.
ഭഗവല്‍ സിംഗിന്റെ പിതാവും തിരുമ്മുകാരനായിരുന്നു. നാട്ടുകാര്‍ക്ക് ആര്‍ക്കും ഭഗവല്‍ സിംഗിനെ കുറിച്ചോ ഭാര്യ ലൈലയെ കുറിച്ചോ മോശം അഭിപ്രായം ഉണ്ടായിരുന്നില്ല.
ഒരു സുപ്രഭാതത്തില്‍ ഇയാള്‍ കൊലക്കേസില്‍ പിടിയിലായ വിവരമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.
പത്മത്തെയും റോസ്ലിയെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു.
തിരുവല്ല കോഴഞ്ചേരി ഇലന്തൂരിലെ വൈദ്യനായ ഭഗവല്‍ സിംഗ്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയായിരുന്നു നരബലി.
പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ്(ഷാഫി) എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയത്.
ഇയാളാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്നും മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.