വ്യത്യസ്ഥമായ വേഷങ്ങള്‍ ചെയ്തു മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് അനുമോള്‍. സമാന്തര സിനിമകളിലാണ് അനുമോളെ കൂടുതലായും കാണുന്നത്.
ഞാന്‍, ചായില്യം, ഇവന് മേഘരൂപന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷമാണ് അനുമോള്‍ ചെയ്തത്. വെടിവഴിപാട് എന്ന സിനിമയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ കഥാപാത്രങ്ങള്‍ നോക്കി സിനിമ ചെയ്യുന്ന നടിയാണ് അനുമോള്‍. മലയാളത്തിന് പുറമെ തമിഴിലും നടി അഭിനയിക്കുന്നുണ്ട്.
ഐശ്വര്യ രാജേഷ് നായിക ആയെത്തുന്ന ഫര്‍ഹാന ആണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സിനിമ.
ഇപ്പോഴിതാ സിനിമാ വിശേഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് അനുമോള്‍.
വിവാഹം കഴിക്കാന്‍ കുടുംബക്കാരുടെയും നാട്ടുകാരുടെയും നിര്‍ബന്ധം ഉണ്ടെന്നും എന്നാല്‍ വിവാഹം നടക്കുമ്പോള്‍ നടക്കട്ടെ എന്നാണ് തന്റെ മനോഭാവമെന്നും അനുമോള്‍ പറയുന്നു.
ആറു വര്‍ഷം നീണ്ട പ്രണയം വിവാഹത്തിന് അടുത്തെത്തിയെങ്കിലും പിന്നീട് ഇത് വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് നടി പറഞ്ഞു. അനുമോളുടെ വാക്കുകള്‍ ഇങ്ങനെ…
എല്ലാ ബന്ധങ്ങളിലും കുറച്ച് വിഷമങ്ങളും പ്രശ്നങ്ങളും ഉണ്ടാവും. പക്ഷെ അതിന്റെ അളവ് കൂടുമ്പോഴാണ് നമ്മള് വേണ്ടെന്ന് വയ്ക്കുന്നത്.
ഞാനങ്ങനെ കല്യാണ വിരോധി ഒന്നുമല്ല. അനിയത്തിയെ വേഗം കെട്ടിച്ച് വിടണമെന്നൊക്കെ ഞാന്‍ പറയുന്നുണ്ട്. എന്റെ വിവാഹം നടക്കുകയാണെങ്കില്‍ നടക്കട്ടെ, നടന്നില്ലെങ്കില്‍ അതൊരു വലിയ പ്രശ്നമുള്ള കാര്യമൊന്നുമല്ല ഇന്നത്തെ കാലത്ത്.
നമ്മള് എല്ലാവര്ക്കും സ്വതന്ത്രമായി ഒറ്റയ്ക്ക് ജീവിക്കാന്‍ അറിയാം. അതൊരു വലിയ കാര്യമായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.
കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ വരുന്ന ചോദ്യം ഇതാണ്. എന്താ വേണ്ടാത്തതെന്നല്ല. കല്യാണം കഴിക്കണം എന്ന ഓര്‍ഡറുകളാണ് സാധാരണ വരാറുള്ളത്- അനുമോള്‍ പറഞ്ഞു.
ഇതുവരെ ചെയ്ത സിനിമകളില്‍ രണ്ട് സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. ഏത് സിനിമയാണെന്ന് പറയുന്നില്ല.
കഥാപാത്രം കൊണ്ടല്ല, സിനിമ പ്രമോട്ട് ചെയ്യുന്ന സമയത്ത് ചില സീനികളുടെ ഫോട്ടോകള്‍ ഉപയോഗിക്കരുതെന്ന് പറയും.
കൃത്യമായി ആ ഫോട്ടോകള്‍ തന്നെ ഉപയോഗിക്കുന്നത് വളരെ വേദനിപ്പിക്കും. കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തതില്‍ ഇതുവരെ വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല.
കാരണം അത്രയും അളന്നു മുറിച്ചാണ് ഓരോ കഥാപാത്രവും എടുക്കുന്നത്. ചില വേദികളില്‍ താനാരാണെന്ന് തിരിച്ചറിയാതെ മറ്റു നടിമാരെക്കുറിച്ച് സംസാരിച്ചവരും ഉണ്ട്.
ഒരിക്കല്‍ ഒരു വേദിയില്‍ പോയിരുന്നപ്പോള്‍ അനു സിത്താരയുടെ രാമന്റെ ഏദന്‍തോട്ടത്തെ പുകഴ്ത്തി. മുമ്പൊക്കെ പ്രതികരിക്കേണ്ട സമയത്ത് കരയുകയായിരുന്നു ചെയ്തിരുന്നത്.
ഇപ്പോള്‍ ഞാന്‍ തിരിച്ച് പറയും. കൊടുക്കേണ്ട സ്ഥലത്ത് തിരിച്ചു കൊടുക്കാന്‍ ഞാന്‍ കുറച്ചൊക്കെ പഠിച്ചു.
ജോലി കൃത്യമായി നടന്നില്ലെങ്കില്‍ എനിക്ക് പെട്ടെന്ന് ദേഷ്യം വരും. ആഘോഷങ്ങളിൽ പങ്കെടുമെങ്കിലും പണിയെടുക്കേണ്ട സമയത്ത് പണി എടുക്കണം- അനു മോള് കൂട്ടിച്ചേർത്തു.