ചിക്കമംഗളൂരു: ബിജെപി അനുഭാവിയായ കാപ്പി എസ്റ്റേറ്റ് ഉടമ 16 ദളിത് തൊഴിലാളികളെ കാപ്പിത്തോട്ടത്തിൽ ദിവസങ്ങളോളം പൂട്ടിയിട്ടതായി ആരോപണം.
എസ്റ്റേറ്റ് ഉടമയുടേയും മകന്റെയും മർദനത്തിൽ ഗർഭിണിയായ യുവതിയുടെ ഗർഭസ്ഥശിശു മരിക്കുകയും ചെയ്തു.
സംഭവത്തിൽ എസ്റ്റേറ്റ് ഉടമ ജഗദീശ ഗൗഡ, മകൻ തിലക് ഗൗഡ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്.
ചിക്കമംഗളൂരുവിലെ ഹസനഹള്ളിയിലായിരുന്നു സംഭവം. ഹസനഹള്ളിയിലെ ജെനുഗദ്ദെ ഗ്രാമത്തിലുള്ള കാപ്പിത്തോട്ടത്തിൽ ദിവസ വേതനക്കാരായി ആറ് ദളിത് കുടുംബം ജോലി ചെയ്തുവരികയായിരുന്നു.
വായ്പ വാങ്ങിയ ഒൻപത് ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാരോപിച്ചായിരുന്നു തൊഴിലാളികളെ പൂട്ടിയിട്ടത്.
അയൽവാസികളുമായുള്ള വഴക്കിന്റെ പേരിൽ തൊഴിലാളികളിലൊരാളായ മഞ്ജുവിനെ ഉടമ ജഗദീഷ് 15 ദിവസം മുമ്പ് മർദിച്ചിരുന്നു.
ഇതോടെ എസ്റ്റേറ്റിലെ പണി അവസാനിപ്പിച്ച് ഇവിടം വിടാൻ അവർ തീരുമാനിച്ചു. എന്നാൽ, കടം വാങ്ങിയ പണം തിരികെ നൽകിയാലേ ഇവിടെനിന്ന് മടങ്ങാൻ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു ജഗദീശ ഗൗഡ.
പണം തിരികെ നൽകാത്തതിന് തൊഴിലാളികളെ ഗൗഡയും മകനും ചേർന്ന് അസഭ്യം പറയുകയും ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തു.
ഫോൺ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് രണ്ട് മാസം ഗർഭിണിയായ അർപിതയെന്ന തൊഴിലാളിയെ ജഗദീഷ് മർദിച്ചു.
അവരുടെ ഭർത്താവ് വിജയ്, മറ്റ് രണ്ട് തൊഴിലാളികളായ രൂപ, കവിത എന്നിവരും ആക്രമിക്കപ്പെട്ടു. പിന്നീട് സ്ത്രീ തൊഴിലാളികളെ കോളനിയിലെ വീട്ടിൽ പൂട്ടിയിട്ടു.
അന്നുതന്നെ ബന്ധുക്കളെ ജഗദീഷ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഏതാനും പേർ ബലെഹോന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അവർ പരാതി പിൻവലിച്ചു.
ഗർഭിണിയായ അർപ്പിതയ്ക്ക് വേദന കലശലായതോടെ ഇവരെ വിട്ടയച്ചു. ജില്ലാ ആശുപത്രിയിൽ അർപിത ചികിത്സ തേടിയെങ്കിലും ഇവരുടെ ഗർഭസ്ഥശിശു മരിച്ചു. ഇതോടെ അർപിത പോലീസിൽ പരാതി നൽകുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് ഒരു മുറിയിൽ 8-10 പേരെയെങ്കിലും പൂട്ടിയിട്ടിരിക്കുന്നത് കണ്ടു. പോലീസ് ഇവരെ മോചിപ്പിച്ചു. 15 ദിവസമായി ഇവർ വീട്ടുതടങ്കലിലായിരുന്നു.