തൃപ്പൂണിത്തുറ: രണ്ട് ദിവസമായി വൈകുന്നേരമായാൽ തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ കൂട്ട അടിയാണ്. വിദ്യാർഥികൾ തമ്മിലാണ് അടിപിടി.
ഇന്നലെയും 30 വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് അടികൂടിയിരുന്നു. തൃപ്പൂണിത്തുറയിൽ തന്നെയുള്ള ഫുട്ബോൾ ടർഫിലെ കളിക്കിടെയുണ്ടായ തർക്കം ബസ് സ്റ്റാൻഡിലേക്കും നീളുകയായിരുന്നു.
സ്കൂൾവിട്ട ശേഷം വൈകിട്ട് ബസ് സ്റ്റാൻഡിൽ എത്തിയ വിദ്യാർഥികൾ തമ്മിലാണ് അടിയുണ്ടായതെന്ന് വ്യാപാരികൾ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് അടിയുണ്ടായപ്പോൾ ഏതാനും വിദ്യാർഥികളെ പോലീസ് പിടികൂടി താക്കീതു നൽകി മാതാപിതാക്കൾക്കൊപ്പം വിട്ടിരുന്നു.
ചൊവ്വാഴ്ചയുണ്ടായ അടിപിടിക്കിടെ ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപറ്റിയിട്ടുണ്ട്. ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും ചേർന്നാണ് ഇന്നലെ അടിയുണ്ടാക്കിയ വിദ്യാർഥികളെ പിരിച്ചു വിട്ടത്.
വൈകുന്നേരങ്ങളിൽ ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസിന്റെ കർശന പരിശോധന വേണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. വിദ്യാർഥികൾ അടി കൂടുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.