ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായ ‘ചെല്ലോ ഷോ’ (അവസാന ഷോ) ബാലതാരം രാഹുല്‍ കോലി അന്തരിച്ചു.
അര്‍ബുദ രോഗത്തോട് പൊരുതിത്തോറ്റാണ് പതിനഞ്ചുകാരനായ രാഹുല്‍ വിടവാങ്ങുന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നു അന്ത്യം. രാഹുലിന്റെ അന്തിമ കര്‍മങ്ങള്‍ ഗുജറാത്തിലെ ജന്മനാടായ ഹാപ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം നടന്നു.
ഒക്ടോബര്‍ 14 ന് ചെല്ലോ ഷോയുടെ ആദ്യ ഷോ നടക്കാനിരിക്കേയാണ് കാത്തിരിക്കാതെ രാഹുല്‍ യാത്രയായത്. ചിത്രത്തില്‍ സുപ്രധാന വേഷമാണ് രാഹുല്‍ അവതരിപ്പിച്ചത്.
ഒക്ടോബര്‍ 14നു ശേഷം ജീവിതം മാറുമെന്ന് മകന് നിരന്തരം പറയുമായിരുന്നുവെന്ന് രാഹുലിന്റെ പിതാവ് രാമു പറഞ്ഞു.
നല്ല കാലം വരാന്‍ കാത്തിരിക്കാതെ മകന് യാത്ര പറഞ്ഞ് പോയതിനെ കുറിച്ചായിരുന്നു പിതാവിന്റെ പ്രതികരണം. ഓട്ടോ ഡ്രൈവറാണ് രാമു.
മകന് ഇല്ലെങ്കിലും അവന്റെ അവസാന ചിത്രം കുടുംബസമേതം ഒക്ടോബര്‍ 14ന് തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
അടിക്കടിയുണ്ടായിരുന്ന പനിയെ തുടര്‍ന്നാണ് രാഹുലിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ജാംനാഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഇതിനു ശേഷം അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ഒക്ടോബര്‍ രണ്ടിന് പ്രഭാത ഭക്ഷണത്തിനു ശേഷം രാഹുലിന്റെ സ്ഥിതി വഷളാകുകയായിരുന്നു.
പനി കൂടുകയും മൂന്ന് തവണ രക്തം ഛര്‍ദിക്കുകയും ചെയ്തു. ഇതിനു ശേഷമായിരുന്നു മരണപ്പെട്ടത്. മകന്റെ ചികിത്സയ്ക്കായി ഓട്ടോ വില്‍ക്കാനിരിക്കുകയായിരുന്നു രാമു.
എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചികിത്സയ്ക്കായി ധനസഹായം നല്കി. അവസാന നിമിഷം വരെ രാഹുലിനെ രക്ഷിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷയെന്ന് സിനിമയുടെ സംവിധായകന് പാന്‍ നളിന്‍ പറഞ്ഞു.
സിനിമയെ ഇഷ്ടപ്പെടുന്ന ഒമ്പത് വയസ്സുകാരനെ കേന്ദ്രീകരിച്ചാണ് ചെല്ലോ ഷോയുടെ കഥ. ഭവിന് റാബ്രി, റിച്ച മീന, വികാസ് ബട്ട, ഭാവേഷ് ശ്രീമാലി, ദിപെന്‍ റാവല്‍, രാഹുല്‍ കോലി എന്നിവരാണ് അഭിനേതാക്കള്‍.