പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടി സിയിൽ അധികസമയ സിംഗിൾ ഡ്യൂട്ടി (12 മണിക്കൂർ സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി ) സംസ്ഥാനമാകെ നടപ്പാക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കി.
ഇതിന് വേണ്ടിയുള്ള ജില്ലാ തല യോഗങ്ങൾ ഇന്നാരംഭിക്കും. പാലക്കാട് മുതൽ തുടങ്ങുന്ന വടക്കൻ ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സോണിലാണ് ഇതിന് തുടക്കം കുറിയ്ക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ പാറശാല ഡിപ്പോയിലാണ് സ്പ്രെഡ് ഓവർ സിംഗിൾ ഡ്യൂട്ടി ആദ്യം നടപ്പാക്കിയത്. ഇതേക്കുറിച്ച് ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് പരാതികളേറെയുണ്ട്.
വടക്കൻ മേഖലയിൽ അധിക സമയ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിന് മുന്നോടിയായി ക്രോണോളജി, സമയം, കിലോമീറ്റർ , ഫ്രീക്വൻസി , നെറ്റ് വർക്ക് എന്നിവ തയാറാക്കാൻ നേരത്തനിർദ്ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ലസ്റ്റർ ഓഫിസർമാർ , അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർമാർ, ഡി സി പി എഞ്ചിനീയർമാർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ , ഓപ്പറേറ്റിംഗ് യൂണിറ്റുകളുടെ ചുമതലക്കാർ എന്നിവരുടെ യോഗം നടത്തുന്നത്.
അധിക സമയ സിംഗിൾ ഡ്യൂട്ടി നടപടിക്രമങ്ങൾ വിശകലനം ചെയ്യാനും സമയ ക്രമീകരണം നടത്താനുമാണ് യോഗങ്ങൾ.
ഇന്ന് പാലക്കാട്, കോഴിക്കോട് ജില്ലകളുടെയും നാളെ കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളുടെയും 14 – ന് വയനാട് ജില്ലയിലെയും യോഗങ്ങളാണ് സോണൽ ഓഫീസിൽ നടത്തുന്നത്.
12 മണിക്കൂർ ഡ്യൂട്ടിഅംഗീകരിക്കില്ലെന്ന് കെ.പി. രാജേന്ദ്രൻ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 12 മണിക്കൂർ ഡ്യൂട്ടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്.
ആറ് മണിക്കൂര്‍ ജോലിയെന്ന നിലയിലേക്ക് പലയിടത്തും ചര്‍ച്ച പുരോഗമിക്കുമ്പോഴാണ് ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരത്തിലുള്ള പരിഷ്കരണം കൊണ്ടുവരുന്നതെന്നും ഈ തീരുമാനം പിൻവലിക്കണമെന്ന് സിപിഐ മുഖ്യമന്ത്രിയോട് വീണ്ടും ആവശ്യപ്പെടുമെന്നും കെ.പി.രാജേന്ദ്രൻ പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണം അനുവദിക്കാനാകില്ലെന്ന് നേരത്തെയും മുഖ്യമന്ത്രിയെ അറിയിച്ചതാണ്. എട്ട് മണിക്കൂര്‍ ഡ്യൂട്ടി പന്ത്രണ്ട് മണിക്കൂറിലേക്ക് മാറുന്നത് പല സ്ഥാപനങ്ങളിലും ജോലിസമയം കൂട്ടും.
ഇടത് സര്‍ക്കാരിന്റെ കാലത്ത് ഇങ്ങനെയൊരു തീരുമാനം നടപ്പാക്കാന്‍ എഐടിയുസി അനുവദിക്കുകയുമില്ല- കെ.പി.രാജേന്ദ്രൻ പറഞ്ഞു
,