തെന്നിന്ത്യൻ ആരാധകരുടെ പ്രിയ താരമാണ് സാമന്ത റൂത്ത് പ്രഭു. താരത്തിന്റെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വലിയ വാർത്തയായിരുന്നു.
മോഡലിംഗിലൂടെയും പരസ്യചിത്രങ്ങളിൽ അഭിനയിച്ചുമാണ് സാമന്ത സിനിമയിലേക്ക് എത്തിയത്. തെലുങ്കിലായിരുന്നു തുടക്കം.
അതും തെലുങ്ക് യുവ താരം നാഗചൈതന്യ അക്കിനേനിക്കൊപ്പം. അവിടെനിന്നു നാഗചൈതന്യയുമായി തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
ഏഴു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു നാഗചൈതന്യയെ സാമന്ത വിവാഹം ചെയ്തത്. പക്ഷേ, ദാമ്പത്യം നാലു വർഷം പൂർത്തിയാക്കും മുമ്പ് ഇരുവരും പിരിഞ്ഞു.
കരിയറിൽ ആദ്യമായി സാമന്ത ഐറ്റം ഡാൻസ് ചെയ്തത് വിവാഹമോചനത്തിനു പിന്നാലെ അല്ലു അർജുൻ സിനിമ പുഷ്പയ്ക്കുവേണ്ടിയായിരുന്നു.
സോഷ്യൽ മീഡിയിൽ വളരെ സജീവമായ സാമന്ത കുറച്ചു മാസങ്ങളായി സോഷ്യൽമീഡിയയിൽനിന്നു വിട്ടുനിൽക്കുകയാണ്.
ചർമരോഗം അലട്ടുന്നതിനാൽ വിദഗ്ധചികിത്സക്കായി താരം വിദേശത്തേക്കു പോയി എന്നാണ് റിപ്പോർട്ടുകൾ വന്നത്. ഇപ്പോഴിതാ വളരെ നാളുകൾക്കു ശേഷം സാമന്ത സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ്.
എന്നാൽ ചിത്രത്തിൽ മുഖം സാമന്ത മറച്ചുപിടിച്ചിരിക്കുകയാണ്. നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കു നടക്കേണ്ടിവരില്ലെന്ന് എഴുതിയ കറുത്ത ടീ ഷർട്ട് ധരിച്ച് ഇരിക്കുന്ന സാമന്തയാണ് പുതിയ സോഷ്യൽമീഡിയ പോസ്റ്റിലുള്ളത്.
സാമന്തയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട നടി സുഖമായി ഇരിക്കുന്നുവെന്ന് അറിഞ്ഞ സന്തോഷമാണ് പലർക്കും.
സാം നിന്നെ ഓർത്ത് അഭിമാനിക്കുന്നു, നീ പലർക്കും മാതൃകയാണ്, നിന്റെ പാത പലരും പിന്തുടരുന്നുണ്ട് എന്നെല്ലാമാണ് സുഹൃത്തുക്കളും ആരാധകരും സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.
മുമ്പും ചർമരോഗം കാരണം സാമന്ത വലഞ്ഞിട്ടുണ്ട്. ചർമരോഗം മൂലം താൻ വിഷാദത്തിലേക്കു വരെ കൂപ്പുകുത്തിയിരുന്നുവെന്നും സാമന്ത മുന്പു വെളിപ്പെടുത്തിയിരുന്നു.