എടത്വ: ലഹരിക്കെതിരേ പോരാടാന്‍ ഇനി ജയശ്രീ ടീച്ചര്‍ ഇല്ല. തലവടി ആനപ്രമ്പാല്‍ ദേവസ്വം യുപി സ്കൂള്‍ പ്രഥമാധ്യാപികയായ പടിഞ്ഞാറേമഠം വീട്ടില്‍ ജയശ്രീ ആര്. നായര്‍ (51) ഹൃദയാഘാതം മൂലം ചൊവ്വാഴ്ച രാവിലെയാണ് അന്തരിച്ചത്.
കുട്ടികളെ വഴിതെറ്റിക്കുന്ന ലഹരി സംഘത്തിനെതിരേ നിരന്തരം പോരാടിയിരുന്ന തലവടി ആനപ്രമ്പാല്‍ ദേവസ്വം യുപി സ്കൂള്‍ പ്രധാനാധ്യാപികയുടെ മരണം വിദ്യാര്‍ഥികളെയും സഹപ്രവര്‍ത്തകരെയും ഏറെ ദുഃഖത്തിലാഴ്ത്തി.
തിങ്കളാഴ്ച വൈകിട്ട് വരെ സ്കൂളില്‍ കുട്ടികള്‍ക്കൊപ്പം കളിച്ചുംചിരിച്ചും നിന്നിരുന്ന ടീച്ചര്‍ പിറ്റേദിവസത്തേക്ക് കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് വേണ്ട പച്ചക്കറിയും മറ്റ് സാധനങ്ങളുംവരെ വാങ്ങിവച്ചായിരുന്നു വീട്ടിലേക്ക് മടങ്ങിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. മൃതദേഹം ഇന്നലെ രാവിലെ 10ന് സ്കൂളില്‍ പൊതുദര്‍ശനത്തിനുവച്ചു.
തുടർന്നു നടന്ന അനുശോചന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍, വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാര്‍ പിഷാരത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.