കൊച്ചി: വെറുമൊരു മാന്‍ മിസിംഗ് കേസായി ഒതുങ്ങിയേക്കാമായിരുന്ന പത്മയുടെ സഹോദരിയുടെ പരാതിയില്‍ കൊച്ചി ഡിസിപി എസ്. ശശിധരനു തോന്നിയ സംശയമാണ് ഇലന്തൂരിലെ നരബലിയുടെ ചുരുളഴിച്ചത്.
പത്മ തിരോധാനക്കേസ് ഒരു ഹെര്‍ക്കുലിയന്‍ ടാസ്ക് ആയിരുന്നുവെന്ന് ഡിസിപി പറഞ്ഞു. കൊച്ചിയിലെ ചിറ്റൂര്‍ റോഡില്‍ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തുനിന്നും പത്മ ഒരു വാഹനത്തില്‍ കയറുന്നതിന്റെ തെളിച്ചമില്ലാത്ത ദൃശ്യമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. വെള്ള സ്കോര്‍പിയോ കാറിലാണു പത്മ പോയത്.
തുടര്‍ന്നുള്ള അന്വേഷണം തിരുവല്ല വരെയെത്തി. കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാഫിയെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ ഷാഫിയില്‍ നിന്നു വിവരങ്ങളൊന്നും കിട്ടിയതുമില്ല. ലൈലയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിലൂടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് മുഹമ്മദ് ഷാഫി കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ മൂന്നു ലക്ഷമാണ് ഭഗവല്‍ സിംഗ് – ലൈല ദമ്പതികള്‍ ഷാഫിക്ക് കൈമാറിയത്. പിന്നെയും പണം നല്‍കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. കൊലപാതകത്തിന് കത്തികളും വെട്ടുകത്തിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആയുധങ്ങളുടെ കാര്യത്തിലും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഡിസിപി പറഞ്ഞു.
ലൈല കടുത്ത അന്ധവിശ്വാസിയെന്ന് സഹോദരൻ
പത്തനംതിട്ട: പുരോഗമനവാദിയായിരുന്ന ഭഗവൽസിംഗിനെ പോലും മനംമാറ്റിയ ലൈല കടുത്ത അന്ധവിശ്വസിയും ആഭിചാര ക്രിയകളിൽ തത്പരയുമായിരുന്നെന്ന് ലൈലയുടെ സഹോദരൻ.
ലൈലയുടെ ഇടപ്പരിയാരത്തെ കടുംബ വീട്ടിൽ താമസിക്കുകയാണ് ഇദ്ദേഹം. അമ്മ മരിച്ചതിനു ശേഷം രണ്ടു വർഷമായി ലൈലയുമായി സംസാരിച്ചിട്ടില്ല.
അമ്മയുടെ മരണത്തിനു പിന്നാലെ കുടുംബത്തിൽ അഞ്ച് മരണങ്ങൾകൂടി നടക്കുമെന്നും ഇതിനു വീട്ടിൽ പൂജ നടത്തണമെന്നും ലൈല ആവശ്യപ്പെട്ടിരുന്നു.
ഇതിനോടു വിയോജിച്ചെങ്കിലും ലൈലയും ഭർത്താവ് ഭഗവൽ സിംഗും ചേർന്നു വീട്ടിലെത്തി പൂജ നടത്തി.
ഇതു സംബന്ധിച്ചു തർക്കങ്ങളുണ്ടായതോടെ അവരുടെ വീട്ടിലേക്കു പോകുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും സഹോദരൻ പറയുന്നു.
രണ്ട് സഹോദന്മാരാണ് ലൈലയ്ക്കുള്ളത്. മറ്റൊരാൾ മാവേലിക്കരയിൽ ആശ്രമത്തിൽ അന്തേവാസിയാണ്. വീട്ടിലെ സാഹചര്യം ലൈലയെ കടുത്ത ഭക്തയാക്കി മാറ്റി. മണിക്കുറുകൾ പൂജകളിൽ കഴിയുന്ന ശീലമുണ്ട്.
പഠനകാല ബന്ധത്തെത്തുടർന്ന് ലൈല ആദ്യം ഒരു പ്രണയ വിവാഹം കഴിച്ചു. പത്തനംതിട്ട സ്വദേശിയായിരുന്ന ഭർത്താവ്. ഇതോടെ ഇലന്തൂർ ഇടപ്പരിയാരത്തെ കുടുംബവീട്ടിൽനിന്ന് ലൈ ല പുറത്തായി.
ആദ്യ വിവാഹത്തിലെ ഭർത്താവ് അപകടത്തിൽ മരിച്ചതോടെയാണ് ഭഗവൽസിംഗിനെ വിവാഹം കഴിച്ചത്. ഭഗവൽ സിംഗിന്റെ ആദ്യ വിവാഹത്തിലെ ഭാര്യയും മരിച്ചിരുന്നു.