തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച്.
എല്‍ദോസിനെതിരെ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റിനുള്ള നടപടി വേഗത്തിലാക്കുന്നത്.
ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
നാളെയാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ എല്‍ദോസ് ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം.
എല്‍ദോസിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എംഎല്‍എയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല.
അതേസമയം എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ സസ്പെൻഷൻ അടക്കമുള്ള കടുത്ത നടപടിക്ക് കെപിസിസി തുനിഞ്ഞേക്കുമെന്ന് സൂചനയുണ്ട്.
എംഎൽഎയുടെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും നടപടിയുണ്ടാവുക. പാർട്ടി അംഗത്വത്തിൽ നിന്ന് തന്നെ സസ്പെൻഡ് ചെയ്യുന്ന കാര്യമാണ് പരിഗണിക്കുന്നത്.
എൽദോസിൽ നിന്ന് വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല.എൽദോസ് കുന്നപ്പിള്ളിക്കെതിരെ വിജിലൻസ് അന്വേഷണവും ഉണ്ടാകും.
പരാതിക്കാരിയ്ക്ക് പണം നൽകി പരാതി പിൻവലിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അന്വേഷണം. പരാതി പിൻവലിക്കാൻ എംഎൽഎ 30 ലക്ഷം രൂപ പണം വാഗ്ദാനം ചെയ്തെന്ന് യുവതിയും വെളിപ്പെടുത്തിയിരുന്നു. എൽദോസിനെതിരെ വിജിലൻസിന് ഇതിനിടെ പരാതി ലഭിച്ചിരുന്നു.