തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ലോക്സഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മുന്‍പ് സ്ഥാനാർഥികളായ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരോട് തയ്യാറെടുക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സുരേഷ് ഗോപിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിജെപിക്ക് നിർണായക സ്വാധീനമുള്ള തിരുവനന്തപുരം മണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിച്ചാൽ നേട്ടമുണ്ടാകുമെന്നാണ് കേന്ദ്രനേതൃത്വം കരുതുന്നത്.
പത്തനംതിട്ട മണ്ഡലത്തില്‍ കുമ്മനം രാജശേഖരൻ മത്സരിപ്പിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താൽപ്പര്യം. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും മത്സരിക്കും.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി.മുരളീധരനെ മത്സരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. പ്രകാശ് ജാവദേക്കറിന്റെ നേതൃത്വത്തില്‍ ഈ മാസം 17ന് തൃശൂരില്‍ യോഗം ചേരുന്നുണ്ട്.
അതേസമയം ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് വരുന്നതിലുള്ള താൽപര്യമില്ലായ്മ സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ട്. രാജ്യസഭയിലേക്ക് ഒരവസരം കൂടി നല്കിയാല് സ്വീകരിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
രാജ്യസഭ അംഗമെന്ന ആറുവര്‍ഷം നാടിനായി ചെയ്ത കാര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷം ഒരവസരം കൂടി തനിക്ക് നല്കിയാല് സന്തോഷപൂർവം സ്വീകരിക്കുമെന്ന് കേന്ദ്ര നേതൃത്വത്തോട് സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം.
തുടങ്ങിവെച്ച വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഒരവസരം കൂടി നല്‍കണമെന്നാണ് സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചത്.
സംഘടനാ പ്രവർത്തനത്തിൽ പിന്നോക്കം നിൽക്കുന്നതെന്ന് കരുതുന്ന ബൂത്തുകളിൽ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ ആറ് ഭാരവാഹികള്‍ക്ക് പ്രത്യേക ചുമതല നേതൃത്വം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന കുമ്മനത്തോട് പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനും കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.