കാലടി: നരബലി സംഭവത്തിനുശേഷം വീടിനു പുറത്തിറങ്ങാനാകാതെ റോസിലിയുടെ കൂടെ കാലടിയിലെ വാടകവീട്ടിൽ താമസിച്ചിരുന്ന സജി.
വീടിനകത്തു വാതിലടച്ചിരിപ്പാണു കെട്ടിടനിർമാണ തൊഴിലാളി കൂടിയായ ഇയാൾ.
ഒറ്റപ്പാലം സ്വദേശിയായ സജി പണിസ്ഥലത്തു വച്ചാണ് ആറുവർഷം മുന്പ് റോസിലിയുമായി പരിചയത്തിലാകുന്നത്.
തുടർന്ന് 38 കാരനായ സജിയും 49 കാരി റോസിലിയും വേളാങ്കണ്ണിയിൽപോയി മാലചാർത്തി ഭാര്യാഭർത്താക്കന്മാരായി ജീവിച്ചുവരികയായിരുന്നു.
നിയമപരമായ രജിസ്ട്രേഷൻ നടത്തിയിരുന്നില്ല. റോസിലിയുടെ പക്കൽ തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാതിരുന്നതാണ് ഇതിനു കാരണമായി സജി പറയുന്നത്.
നരബലിക്കു വിധേയയായ റോസിലി തന്നിൽനിന്നും എല്ലാക്കാര്യങ്ങളും മറച്ചുവയ്ക്കുകയായിരുന്നുവെന്നും സജി പറയുന്നു. പലയിടങ്ങളിൽ വാടകയ്ക്കു താമസിച്ച ശേഷമാണ് കാലടിയിൽ എത്തുന്നത്.
ആലുവയിൽ മരുന്നുകടയിൽ പണിക്കു പോകുന്നതായാണ് റോസിലി പറഞ്ഞിരുന്നതത്രെ.
ലോട്ടറി കച്ചവടത്തെപ്പറ്റിയോ നരബലി കേസിൽ ഒന്നാംപ്രതിയായ ഷാഫിയുമായുള്ള ബന്ധത്തെക്കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ലെന്നും സജി പറയുന്നു.
ഗൾഫിൽ നിന്ന് അമ്മാവൻ വന്നതിനാൽ ചങ്ങനാശേരിയിലെ വീട്ടിൽ പോകുകയാണെന്നു പറഞ്ഞാണ് കഴിഞ്ഞ ജൂൺ 28നു റോസിലി കാലടിയിൽ നിന്നു പോകുന്നത്. ഫോൺ ചെയ്തപ്പോൾ കിട്ടിയിരുന്നില്ല.
പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. നരബലി സംഭവം പുറത്തുവന്ന ശേഷം മാനസികമായി താൻ തകർന്നു പോയതായും സജി പറഞ്ഞു.
ഇത്ര വലിയ ഒരു ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല. എന്തെങ്കിലും സംശയമുണ്ടായിരുന്നുവെങ്കിൽ റോസിലിയോടൊപ്പമുള്ള ജീവിതം ഒഴിവാക്കുമായിരുന്നുവെന്നും സജി പറയുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സജിയെ കാലടി പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ കാര്യങ്ങളെല്ലാം പോലീസിനെ ധരിപ്പിച്ചിട്ടുണ്ട് എന്നും പോലീസ് എപ്പോൾ വിളിച്ചാലും ഹാജരാകുമെന്നും സജി പറഞ്ഞു.