കൊച്ചി: ഇലന്തൂരില്‍ നരബലിക്ക് ഇരയായ സ്ത്രീകളുടെ ശരീരാവശിഷ്ടങ്ങളില്‍ ആന്തരികാവയവങ്ങള്‍ ഇല്ലായിരുന്നുവെന്നു വിവരം.
കൊലപാതകത്തിനുശേഷം ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയെന്നു സമ്മതിക്കുന്ന പ്രതികള്‍ ആന്തരികാവയവങ്ങളില്‍ ചിലതു മുറിച്ചുമാറ്റി സൂക്ഷിച്ചിരുന്നതായും പോലീസിനോട് പറഞ്ഞിരുന്നു.
ഇതു നരബലിയുടെ ഭാഗമായി ചെയ്തതാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
അതേസമയം അവയവമാറ്റം സംബന്ധിച്ച ആരോപണവും ഉയരുന്നതിനിടെ ഇക്കാര്യത്തിലും പോലീസ് വ്യക്തത തേടുകയാണ്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം വിശദമായി പ്രതികരിക്കാമെന്നാണ് പോലീസിന്റെ വിശദീകരണം. വന്‍തുകയ്ക്ക് അവയവങ്ങള്‍ വില്‍ക്കാമെന്ന് മുഖ്യപ്രതി മുഹമ്മദ് ഷാഫി ഭഗവല്‍ – ലൈല ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായാണ് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
ദമ്പതികളെ തെറ്റിദ്ധരിപ്പിച്ച ഷാഫിയുടെ മറ്റ് ഉദ്ദേശ്യലക്ഷ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. കഴിഞ്ഞദിവസം ഷാഫിയുടെ ഭാര്യ നബീസയില്‍ നിന്ന് പോലീസ് മണിക്കൂറുകളോളം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
വിവാഹത്തിനുമുമ്പും ശേഷവും ഇയാളുടെ പ്രവൃത്തികളും ഇവരോടു ചോദിച്ചറിഞ്ഞിരുന്നു. ഇവരില്‍ നിന്നു വീണ്ടും വിവരങ്ങള്‍ തേടും.
പത്മയുടെ മൃതദേഹം സംസ്കരിക്കുംമുമ്പു ശരീരഭാഗങ്ങള്‍ വേര്‍പെടുത്തിയത് ശാസ്ത്രീയമായിട്ടാണെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം.
ഇതിനു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും. ആശുപത്രി ജോലികള്‍ ചെയ്തിരുന്നതായി ഷാഫി അന്വേഷണസംഘത്തോട് പറഞ്ഞെങ്കിലും പോലീസ് ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല.
ലഭിച്ചത് 40 ല്‍ അധികം തെളിവുകള്‍
ഇലന്തൂര്‍ നരബലിക്കേസില്‍ കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം വിശദമായ പരിശോധന തുടങ്ങി.
തെളിവുകള്‍ നിരത്തിയുള്ള മൂന്നു പ്രതികളുടെയും ചോദ്യംചെയ്യല്നടപടികള് ഇന്നലെയും തുടര്‍ന്നു.
നാല്‍പ്പതിലധികം തെളിവുകളാണു ശനിയാഴ്ച ഇലന്തൂരില്‍ ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
ഇതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്ന് അന്വേഷണപുരോഗതിയും മുന്നോട്ടുള്ള നീക്കങ്ങളും ചര്‍ച്ച ചെയ്തു. കേസിലെ മുഖ്യപ്രതി ഷാഫി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ഒരു പകല്‍ മുഴുവന്‍ നീണ്ട തെളിവെടുപ്പിനുശേഷം ഇന്നലെ പുലര്‍ച്ചയോടെയാണ് മൂന്നു പ്രതികളെയും കൊച്ചിയില്‍ തിരിച്ചെത്തിച്ചത്. ഇന്നും വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പു നടപടികളും ഉണ്ടാകുമെന്ന് അന്വേഷണസംഘം പറഞ്ഞു.
ഫോണ്‍ കോര്‍പറേഷന്റെ വേസ്റ്റ് കൊട്ടയില്‍
കൊച്ചി: നരബലിക്കേസില്‍ മുഹമ്മദ് ഷാഫിക്കു തക്കതായ ശിക്ഷ ലഭിക്കണമെന്ന് ഭാര്യ നബീസ. ഷാഫി ചെയ്തത് ക്രൂരകൃത്യമാണ്.
അതേസമയം ഷാഫി ആശുപത്രി ജോലികള്‍ ചെയ്തിരുന്നുവെന്ന വാദം ഇവര്‍ തള്ളി. ഇത്തരമൊരു ജോലിയെക്കുറിച്ച് ഒരു സൂചന പോലും തനിക്കു ലഭിച്ചിട്ടില്ല.
തന്നെ വിവാഹം കഴിച്ചതിനുശേഷം അങ്ങനെയൊരു ജോലിക്കു പോയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് കൈകാര്യം ചെയ്ത ഫോണ്‍ വഴക്കിനെത്തുടര്‍ന്നു താന്‍ തന്നെയാണു നശിപ്പിച്ചത്. കോര്പറേഷന് വേസ്റ്റ് കൊട്ടയിലാണ് ഇത് ഉപേക്ഷിച്ചത്.
ഷാഫി നിരന്തരം തന്റെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണില്‍ നിന്നു നിരവധി തവണ ഷാഫി ലൈലയേയും ഭഗവല്‍ സിംഗിനേയും വിളിച്ചിരുന്നു. ചോദിക്കുമ്പോള്‍ വൈദ്യനെ വിളിക്കുന്നുവെന്നാണു പറയാറുള്ളത്.
ഇലന്തൂരിലേക്കു കുടുംബത്തെ കൊണ്ടുപോകാമെന്നു പറഞ്ഞിരുന്നു. സത്യം അന്വേഷണത്തിലൂടെ പുറത്തുവരണമെന്നും അവര്‍ പറഞ്ഞു.