മംഗളൂരു: മലയാളി വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപാഠിക്കെതിരേ കേസ്.
നഗരത്തിലെ സ്വകാര്യ കോളജില്‍ ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ഥിനിയായിരുന്ന തൃശൂര്‍ സ്വദേശിനി ഭുവന ബാബു (22)വാണ് മരിച്ചത്.
ആത്മഹത്യാപ്രേരണയ്ക്കു സഹപാഠി ആലപ്പുഴ സ്വദേശിയായ അല്‍ത്താഫിന്റെ പേരില്‍ പാണ്ഡേശ്വരം പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച വൈകുന്നേരമാണു ഭുവനയെ, പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തന്റെ മരണത്തിന് ഉത്തരവാദി അല്‍ത്താഫ് ആണെന്ന സന്ദേശം ഇതിനുമുമ്പേ കുടുംബാംഗങ്ങള്‍ക്ക് അയച്ചിരുന്നു.
നേരത്തേ സൗഹൃദത്തിലായിരുന്ന ഇരുവരും അടുത്തിടെ ചില പ്രശ്നങ്ങളെച്ചൊല്ലി വഴക്കിട്ടിരുന്നതായാണു സൂചന.
സംസാരത്തിനിടെ “എവിടെയെങ്കിലും പോയി ചാകാന്‍’ അല്‍ത്താഫ് പറഞ്ഞതായും സന്ദേശത്തില്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ ഉടന്‍തന്നെ തിരിച്ചു ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിന്നീട് ഈ സന്ദേശങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അല്ത്താഫിനെതിരേ കേസെടുത്തത്.
യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഭുവനയുടെ മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
തൃശൂര്‍ ഇളത്തുരുത്ത് കാര്യാട്ടുകര കുറ്റിക്കാട്ടുപറമ്പില്‍ ബാബുവിന്റെയും ശൈലജയുടെയും മകളാണ്. സഹോദരി: ലക്ഷ്മിജ.