വെസ്റ്റ് ആഫ്രിക്കയിലെ ടോഗോ എന്ന ചെറു രാജ്യത്തെക്കുറിച്ചാണ്… അറ്റ്ലാന്റിക് ഓഷ്യനിൽപ്പെട്ട, ഗൾഫ് ഓഫ് ഗിനിയ എന്ന കടലിടുക്കിനോട് ചേർന്ന് കിടക്കുന്ന ചെറു രാജ്യമാണിത്…
ഫ്രാൻസിൽനിന്ന് ഈ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത് അറുപതുകളിലാണ്… കാലാവസ്ഥയിലും ഭൂപ്രകൃതിയിലും കേരളത്തിനോട് വളരെയധികം സാമ്യമുള്ള സ്ഥലമാണിത്…
വലിയ ഫാക്ടറികളോ, മറ്റു കാര്യമായ ഉത്പാദനമോ ഇല്ലാത്ത ഈ രാജ്യത്തെ പ്രധാനവരുമാനം കൃഷിയും മീൻപിടിത്തവും അതിനോടനുബന്ധിച്ചുള്ള കച്ചവടവുമാണ്..
പ്രതിശീർഷ വരുമാനം വളരെ താഴ്ന്നതാണെങ്കിലും ആ നാട്ടിലൂടെ സഞ്ചരിച്ചപ്പോൾ അതിശയമാണ് തോന്നിയത്… ടോഗോയുടെ തലസ്ഥാനമായ ലോമേയുടെ നഗരവീഥികളിലൂടെ പോകുപ്പോൾ പലതും വ്യത്യസ്തമായ കാഴ്ചകളാണ്…
വൃത്തിയുള്ള പൊട്ടിപ്പൊളിയാത്ത റോഡുകളും കാൽനടക്കാർക്കുവേണ്ടിയുള്ള വിശാലമായ നടപ്പാതകളും വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനുള്ള ഓടകളും മാലിന്യം പോയിട്ട് ഒരു കടലാസിന്റെ കഷണം പോലുമില്ലാത്ത തെരുവീഥികളും എടുത്തു പറയേണ്ടതാണ്…
തെരുവ് പട്ടികളില്ലാത്ത വഴികളും നഗരപ്രാന്ത പ്രദേശങ്ങളും… മൂക്കുപൊത്താതെ ഏതു വഴിയിൽ കൂടിയും സഞ്ചരിക്കാം… മല മൂത്ര വിസർജനത്തിന്റെ മണമോ, വഴിയരികിലെ തുപ്പലഭിഷേകമോ ഒന്നും എവിടേയുമില്ല…
രാവിലെ വീട്ടിൽനിന്നു പുറത്തുപോകുമ്പോൾ തലേദിവസത്തെ മാലിന്യങ്ങളെല്ലാം പ്ലാസ്റ്റിക് കവറിലാക്കി, ആദ്യം കാണുന്ന മൂലയിൽ നിക്ഷേപിക്കുന്ന ആളുകളെയും ഇവിടെ കാണാൻ സാധിക്കില്ല…
ചെറുകവലകൾപോലും സിഗ്നലുകൾകൊണ്ട് നിയന്ത്രിച്ചിക്കുന്നു… ടൂവീലറുകൾ ടാക്സിയായി ഉപയോഗിക്കുന്ന ഈ നാട്ടിൽ, ആയിരിക്കണക്കിന് വണ്ടികൾ എപ്പോഴും റോഡിൽ കാണാം…
അനാവശ്യമായ ഹോണടിയോ, ഇടയ്ക്കുള്ള കുത്തിക്കേറ്റമോ ഇല്ലാതെ കൃത്യമായി റോഡിലെ നിയമങ്ങൾ പാലിച്ച് ആളുകൾ വണ്ടിയോടിക്കുന്നു…
കൈക്കൂലിയും കമ്മീഷനുമെല്ലാം എല്ലാ രാജ്യത്തെപോലെ ഇവിടെയുണ്ടെങ്കിലും മൊത്തമായി വിഴുങ്ങുന്ന സ്വഭാവക്കാർ ഇവിടെ കുറവാണ്… ഹർത്താൽ എന്ന ആഘോഷത്തെപ്പറ്റി ഇവർ കേട്ടിട്ടേയില്ലത്രെ…
മദ്യത്തിനായി പാവപ്പെട്ടവരെ, ബീവറേജുകളുടെ മുന്നിൽ നീണ്ടവരിയിൽ നിർത്തുന്നതിനുപകരം, മദ്യം പെട്ടിക്കടകളിൽ പോലും വിൽക്കപ്പെടുന്നു… അതിനാൽ ജനങ്ങൾക്ക് മദ്യത്തോടുള്ള ആർത്തിയും കുറയുന്നു…
മദ്യം വിഷമാണെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നും എല്ലായിടത്തും എഴുതി വെച്ച്, അതേ മദ്യവിൽപ്പന സർക്കാരിന്റെ കുത്തുകയാക്കുന്നതും ഇവിടെ കാണാൻ പറ്റിയില്ല…
വഴിയരികിൽ ഉപയോഗിച്ച ചെരുപ്പും വസ്ത്രങ്ങളും ബെൽറ്റ്, ബാഗ് മുതലായവും വിൽക്കുന്ന കടകൾ ധാരാളമായി കാണാം…
ജനങ്ങളിൽ ഏറെപ്പേർ ഉപയോഗിക്കുന്നത്, യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിച്ച ഈമാതിരിയുള്ള സാധനങ്ങളാണ്… നമ്മുടെ കാഴ്ചപ്പാടിലുള്ള ഭംഗിയോ, നിറമോ ഒന്നുമില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരായ കറുത്തവർഗക്കാർ…
എന്നാൽ വൃത്തിയുടെയും അച്ചടക്കത്തിന്റെയും എളിമയുടെയും കാര്യത്തിൽ എത്രയോ മുന്നിലാണ്… അവരവരുടെ കാര്യങ്ങൾ മാത്രം നോക്കി, അധ്വാനിച്ച് ഉണ്ടാക്കുന്ന ചെറുസമ്പത്തുകൊണ്ട്, സന്തോഷമായി ജീവിക്കുന്നവർ…
ടിവി ചാനലിലും യൂട്യൂബിലുമിരുന്ന് വിഷം ചീറ്റി, പരദൂഷണമുണ്ടാക്കി കാശുണ്ടാക്കുന്നവരെയും ഇല്ലാത്ത വാർത്തയുണ്ടാക്കി ബ്രേക്കിംഗ് ന്യൂസ് ആയി പ്രചരിപ്പിക്കുന്നവരെയും ഇവിടെ കാണില്ല…
ഒരു കാര്യത്തിലും ഈ നാട്ടിലുള്ളവരും ഗവൺമെന്റും ഒന്നാമതെന്നോ, രണ്ടാമതെന്നോ അവകാശപ്പെടുന്നേയില്ല…ഈ രാജ്യത്തെപ്പറ്റി ലോകത്തിന് വലിയ അറിവൊന്നുമില്ല…
എങ്കിലും ഉള്ളതുകൊണ്ട് മനഃസമാധാനത്തോടെ വലിയ കടങ്ങൾ ഒന്നുമില്ലാതെ മുന്നോട്ടുപോകുന്ന ഒരു നാടും ജനവിഭാഗവും… ലക്ഷക്കണക്കിന് കോടി കടമെടുത്ത്, വീണ്ടും കടത്തിനുവേണ്ടി കൈകാലിട്ടടിക്കുന്ന, ചില നാടുകളെപ്പറ്റി ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു…
കാലാകാലങ്ങളായി വരുന്ന ഭരണകർത്താക്കൾ അവരുടെ രാജ്യത്തെ രക്ഷപ്പെടുത്താനായി ഇതുപോലുള്ള ചെറുരാജ്യങ്ങളിൽ ചെന്ന്, എങ്ങിനെയാണ് അവർ അത്ഭുതം സൃഷ്ടിക്കുന്നതെന്ന് നോക്കിയിരുന്നെങ്കിൽ…