കുമരകം: മുത്തേരിമടയാറ്റിൽ കുളിക്കുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം ഫയർഫോഴ്സ് നടത്തിയ തെരച്ചലിനൊടുവിൽ കണ്ടെത്തി.
നാട്ടകം കറുകയിൽ വിൻസെന്റിന്റെ മകൻ ലിജിൻ വിൻസെന്റിന്റെ (നിതിൻ -34) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ 11ന് ആയിരുന്നു സംഭവം.
സമീപത്ത് പത്തുപങ്കിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേയിൽ ലിജിൻ അടക്കമുള്ള നാലംഗ സംഘം ഇന്നലെ എത്തിയതായിരുന്നു. രാവിലെ മടങ്ങുന്നതിന് മുൻപ് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
മുത്തിരി മടയാറിന് മറുകരയിലേക്ക് നീന്തിയ ലിജിൻ അക്കരെ എത്തിയ ശേഷം തിരികെ നീന്തുന്പോൾ മധ്യഭാഗത്ത് വച്ചു മുങ്ങി താഴുകയായിരുന്നുവെന്നാണ് സുഹൃത്തുകൾ പറയുന്നത്.
ബസാറിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷമായിരുന്നു സംഘം ഹോം സ്റ്റേയിലെത്തിയത്.ഫയർഫോഴ്സും നാട്ടുകാരും ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിവാഹിതനാണ്. സംസ്കാരം നാളെ രാവിലെ 10ന് കോട്ടയം നല്ലിടയൻ പള്ളിയിൽ. അമ്മ: ഡോളി കരുനാഗപ്പള്ളി കുന്നേൽ കുടുംബാംഗം. സഹോദരി: നീതു.