കൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയായ സ്ത്രീകളുടെ കാണാതായ ചില ആന്തരികാവയങ്ങൾ പ്രതികൾ ഭക്ഷിച്ചോയെന്നു സംശയം.
ഇലന്തൂരിലെ വീട്ടുമുറ്റത്തുനിന്ന് കുഴിച്ചെടുത്ത മൃതദേഹാവശിഷ്ടങ്ങളിൽ ചില ആന്തരികാവയവങ്ങൾ ഇല്ലെന്നാണ് വിവരം.
പോലീസിന്റെ ചോദ്യം ചെയ്യലിൽ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചതായി പ്രതി ലൈല മൊഴി നൽകിയിരുന്നു. ഷാഫി പറഞ്ഞ പ്രകാരം കൊല ചെയ്യപ്പെട്ടവരുടെ മാസം ചെറിയ അളവിൽ ഭക്ഷിച്ചുവെന്നും ബാക്കി കുഴിയിൽ നിക്ഷേപിച്ചുവെന്നുമാണ് ലൈല മൊഴി നൽകിയിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് പോലീസ് സംഘം ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായുള്ള അന്വേഷണത്തിലേക്ക് നീങ്ങിയിരിക്കുന്നത്.
കൊലപാതകത്തിന് ശേഷം ശരീരഭാഗങ്ങൾ മുറിച്ചുമാറ്റിയെന്ന് സമ്മതിക്കുന്ന പ്രതികൾ ആന്തരികാവയവങ്ങളിൽ ചിലത് മുറിച്ച് മാറ്റി സൂക്ഷിച്ചിരുന്നതായും പോലീസിനോട് പറഞ്ഞിരുന്നു.
ഭഗവൽ സിംഗിന്റെ വീട്ടിലെ ഫ്രിഡ്ജിൽ നിന്ന് 10 കിലോയോളം മാസം ലഭിക്കുകയും ചെയ്തു. തെളിവെടുപ്പിന് കൊണ്ടു ചെന്നപ്പോൾ മാസം പാകം ചെയ്ത കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങളും ലൈല പോലീസിനെ കാണിക്കുകയുണ്ടായി.
അതേസമയം ഷാഫിയുടെ അവയവക്കടത്തു മാഫിയയുമായുള്ള ബന്ധം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
ചോദ്യം ചെയ്യൽ ഇന്നും തുടരും
പ്രതികളുടെ രണ്ടാംഘട്ട ചോദ്യംചെയ്യൽ ഇന്ന് ആരംഭിക്കും. ഇതിനു മുന്നോടിയായി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ അന്വേഷണോദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നു.
നരബലി നടന്ന ഇലന്തൂരിലെ വീട്ടിലെ തെളിവെടുപ്പിൽനിന്ന് ശേഖരിച്ച വിവരങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയാകും പ്രതികളുടെ ചോദ്യംചെയ്യൽ.
കൊലപ്പെടുത്തിയ രീതിയും അതിനുശേഷം നടന്ന സംഭവങ്ങളും ഡമ്മികളുടെ സഹായത്തോടെ പുനരാവിഷ്കരിച്ചിരുന്നു. മൃതദേഹം വെട്ടിമാറ്റിയതിലും ഫ്രിഡ്ജിൽ സൂക്ഷിച്ചത് സംബന്ധിച്ചും ഒട്ടേറെ സംശയങ്ങൾ പോലീസിനുണ്ട്.
ഇതിൽ വ്യക്തത വരുത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ശേഷിക്കുന്ന തെളിവെടുപ്പും പൂർത്തിയാക്കാൻ ആലോചനയുണ്ട്.
അന്വേഷണപുരോഗതി വിലയിരുത്തുന്ന യോഗത്തിനു ശേഷമാകും തെളിവെടുപ്പ് സംബന്ധിച്ച തീരുമാനം.കൊച്ചിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഉൾപ്പെടെയാണ് മുഹമ്മദ് ഷാഫിയെ എത്തിച്ച് തെളിവെടുക്കേണ്ടത്.
കൊലപാതകത്തിന് ശേഷം ഇയാൾ റോസിലിയുടെയും പത്മയുടെയും സ്വർണാഭരങ്ങൾ പണയം വച്ച സ്ഥാപനമാണിത്.
കൊലയ്ക്ക് ഉപയോഗിച്ച കത്തി ഭഗവൽ സിംഗ് ഇലന്തൂരിലെ കടയിൽനിന്ന് വാങ്ങി എന്നാണ് മൊഴി. ഈ കടയിലും ഇന്ന് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.