സോണിയയും ജിതേന്ദ്രപ്രസാദയും ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചതെന്ത് ? 22 വർഷം മുമ്പത്തെ നാടകീയസംഭവങ്ങളിലൂടെ…

ഇരുപത്തിരണ്ട് വർഷങ്ങള്‍ക്ക് മുന്‍പ് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിമത നേതാവ് ജിതേന്ദ്ര പ്രസാദയും സോണിയാ ഗാന്ധിയും തമ്മിലായിരുന്നു മത്സരം.

നിരവധി നാടകീയ മുഹൂർത്തങ്ങള്‍ക്ക് സാക്ഷിയായ തെരഞ്ഞെടുപ്പില്‍ 98 ശതമാനം വോട്ടും നേടിയാണ് സോണിയ അധ്യക്ഷ സ്ഥാനത്തെത്തിയത്.
 
2000 ല്‍ സർവപ്രതാപികളായ ഗാന്ധി കുടുംബത്തെ വെല്ലുവിളിച്ചാണ് യുപിയിലെ ഷാജഹാൻപൂരില്‍ നിന്നുള്ള എം പി ജിതേന്ദ്ര പ്രസാദ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങിയത്.

സീതാറാം കേസരി പാര്‍ട്ടി നയിക്കുന്ന കാലത്ത് രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലായിരുന്നു 1998 ല്‍ സോണിയയെ അധ്യക്ഷ സ്ഥാനെത്തെത്തിച്ചത്.

എന്നാല്‍  ജന്മം കൊണ്ട് ഇന്ത്യക്കാരിയല്ലാത്ത, രാഷ്ട്രീയ പരിചയമില്ലാത്ത ഒരാള്‍ നേതൃത്വത്തില്‍ എത്തുന്നതില്‍  എതിര്‍പ്പുയര്‍ന്നു.

ശരത് പവാർ, പിഎ സാങ്മ, താരിഖ് അൻവർ എന്നിവർ  കലാപത്തിനൊടുവില്‍ പാര്‍ട്ടി വിട്ടു. പാർട്ടിയില്‍ തന്നെ തുട‍ർന്ന്  സോണിയയുടെ ഭരണത്തെ എതിർക്കാനായിരുന്നു രാജേഷ് പൈലറ്റിന്‍റെയും ജിതേന്ദ്ര പ്രസാദയുടെയും തീരുമാനം.

ഒടുവില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് എത്തി. ഇന്ന്  തരൂരും ഖർഗെയും എന്ന പോലെ പുറമേക്കെങ്കിലും  സൗഹൃദ മത്സരമെന്ന പ്രതീതിയായിരുന്നില്ല അന്ന്.

 അധികാര കേന്ദ്രത്തെ വെല്ലുവിളിക്കുന്ന നേതാവെന്ന പ്രതിച്ഛായയാണ് ജിതേന്ദ്ര പ്രസാദ ആഗ്രഹിച്ചിരുന്നത്.

മത്സരത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ ജിതേന്ദ്ര പ്രസാദക്ക് മാനസിക പിന്തുണ നല്‍കിയിരുന്ന വീരഭദ്രസിങിനെ പോലുള്ളവർ പോലും പിന്‍വലിഞ്ഞു.

അ‌ഞ്ച് നാമനിർദേശ പത്രിക ജിതേന്ദ്രപ്രസാദ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നല്‍കിയപ്പോള്‍ എൺപത് നാമനിർദേശ പത്രികയാണ് സോണിയഗാന്ധി നല്‍കിയത്.

ഇതിനിടെ പ്രസാദക്ക് ഒപ്പമുണ്ടായിരുന്ന രാജേഷ് പൈലറ്റ് അപകടത്തില്‍ മരിച്ചു. രണ്ട് ആഴ്ചയോളം നീണ്ട് നിന്ന  തെരഞ്ഞെടുപ്പ് പ്രചരണമായിരുന്നു അതിലും സംഭവ ബഹുലം.

പാര്‍ട്ടി ആസ്ഥാനത്ത് അന്ന് ജിതേന്ദ്ര പ്രസാദയുടെ കോലം കത്തിക്കുന്നത് പതിവ് കാഴ്ചയായിരുന്നു.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീ പെരുമ്പത്തൂരില്‍ സന്ദർശനം നടത്തിയ ശേഷമാണ് പ്രസാദ പ്രചരണം തുടങ്ങിയത്  പിസിസി അധ്യക്ഷന്‍മാർ ഫോണ്‍ എടുക്കുമായിരുന്നെങ്കിലും പ്രസാദ എത്തുമ്പോള്‍ പാര്‍ട്ടി ഓഫീസുകള്‍ വിജനമായിരുന്നു. 

രഹസ്യ ബാലറ്റിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഫലം അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല. പോള്‍ ചെയ്ത 7542 വോട്ടുകളില്‍  സോണിയഗാന്ധിക്ക് 7448  വോട്ടും ജിതേന്ദ്ര പ്രസാദക്ക് 94 വോട്ടും.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ അവരോധിക്കപ്പെട്ടപ്പോള്‍ പ്രസാദക്ക് പാര്‍ട്ടിയിലെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായി മാറിയിരുന്നു.  

പ്രസാദയുടെ രാഷ്ട്രീയ ഭാവി എങ്ങനെയാകുമെന്ന കൗതുകം ഒരു വര്‍ഷം മാത്രമേ നീണ്ടു നിന്നുള്ളു.  2001 ല്‍ ജിതേന്ദ്ര പ്രസാദ അന്തരിച്ചു. 

Related posts

Leave a Comment