തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ പങ്കുവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ സമയോചിതമായ ഇടപെടലിലൂടെ പോലീസ് രക്ഷപ്പെടുത്തി.
തലസ്ഥാന നഗരിയിൽ ഇന്നലെ വൈകുന്നേരം നാലോടെ ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ സൈബർ സെല്ലിന്റെയും കരമന ലോക്കൽ പോലീസിന്റെയും ഇടപെടലൂടെയാണ് രക്ഷപ്പെടുത്തിയത്.
ഇന്നലെ രാത്രിയോടെ ഇൻസ്റ്റഗ്രാം അധികൃതർ കൊച്ചി സിറ്റി പോലീസ് കമീഷണർക്ക് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പത്ത് മിനിട്ടിനുള്ളിൽ കണ്ടെത്തിയത്.
ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി ഇൻസ്റ്റഗ്രാമിൽ രക്തം വാർന്നൊഴുകുന്ന ചിത്രം ഉൾപ്പെടെ അപ്ലോഡ് ചെയ്തിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇൻസ്റ്റഗ്രാം അധികൃതർ വിവരം കൊച്ചി സിറ്റി പോലീസ് കമീഷണറെ അറിയിച്ചു.
എന്നാൽ യുവതി എവിടെയാണെന്ന വിവരമുണ്ടായിരുന്നില്ല. കേരളത്തിലുള്ള ആളാണെന്ന വിവരം മാത്രമാണുണ്ടായിരുന്നത്.
വിവരം ശ്രദ്ധയിൽപ്പെട്ട കമീഷണർ ഇത് എത്രയും പെട്ടെന്ന് അന്വേഷിക്കാൻ സൈബർ സെല്ലിനോട് നിർദേശിച്ചു. തുടർന്ന് കൊച്ചിൻ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കരമന പോലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് വ്യക്തമായത്. തുടർന്ന് വിവരം കരമന പൊലീസിന് കൈമാറുകയും മിനിട്ടുകൾക്കുള്ളിൽ പോലീസ് സ്ഥലത്തെത്തി യുവതിയെ രക്ഷിക്കുകയുമായിരുന്നു.
പങ്കാളിയുമായുള്ള തർക്കത്തെ തുടർന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. യുവതി സുരക്ഷിതയാണെന്നും യുവതിയെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.