കൊച്ചി: കടല്‍ക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട മൃദുലിനും കുടുംബത്തിനും പുതിയ ഭവനം എന്ന സ്വപ്നം സാക്ഷാത്കരിച്ചു വിന്‍സെന്‍ഷ്യന്‍ സഭയുടെ മേരിമാതാ പ്രോവിന്‍സ്.
ചേര്‍ത്തലയിലെ തൈക്കല്‍ ബീച്ചിനടുത്ത് രണ്ടുമുറികളോടു കൂടിയ 500 സ്ക്വയര്‍ ഫീറ്റുള്ള മനോഹരമായ ഭവനമാണ് വിന്‍സെന്‍ഷ്യന്‍ സര്‍വീസ് സൊസൈറ്റി തങ്ങളുടെ ഡി-പോള്‍ ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചു നല്‍കിയത്.
ലോക്കോമോട്ടര്‍ വൈകല്യം മൂലം അവശത അനുഭവിക്കുന്ന കുട്ടിയാണ് മൃദുല്‍.മത്സ്യബന്ധനം നടത്തിയാണ് മൃദുലിന്റെ പിതാവ് മനോജ് വീട്ടുചെലവുകളും ചികിത്സാ ചെലവുകളും നോക്കിയിരുന്നത്.
കഴിഞ്ഞവര്‍ഷം നടന്ന കടലാക്രമണത്തില്‍ ഈ ഭവനം താമസയോഗ്യമല്ലാതെയായി. മത്സ്യഫെഡില്‍ നിന്നും സ്ഥലം വാങ്ങാന്‍ 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും വീടു നിര്‍മിക്കാനുള്ള സാമ്പത്തികം ഇവര്‍ക്കുണ്ടായിരുന്നില്ല.
തുടര്‍ന്നാണ് ഭവന നിര്‍മാണത്തിനായി വിന്‍സെന്‍ഷ്യന്‍ സഭയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ വിഎസ്എസിനെ സമീപിച്ചത്.
മേരിമാതാ പ്രോവിന്സിന്റെ സോഷ്യല്‍ ആന്‍ഡ് ചാരിറ്റബിള്‍ വര്‍ക്സ് കൗണ്‍സിലര്‍ ഫാ. ജോസഫ് സ്രാമ്പിക്കല്‍ ശനിയാഴ്ച ഭവനത്തിന്റെ താക്കോല്‍ കൈമാറി.
മേരിമാതാ പ്രോവിന്‍സ് സോഷ്യല്‍ വര്‍ക്ക് ഡയറക്ടര്‍ ഫാ.ഡിബിന്‍ പെരിഞ്ചേരി, വിഎസ്എസ് സ്റ്റാഫ് അംഗങ്ങളായ ജോബ് ആന്റണി, സന്ധ്യ അബ്രഹാം, ജെസി ജെയിംസ് എന്നിവര്‍ പങ്കെടുത്തു.