പത്തനംതിട്ട: ഇരട്ട നരബലിക്കു വിധേയരായ റോസ് ലിയും പത്മയും കൂടാതെ ഒരു സ്ത്രീ കൂടി മുഹമ്മദ് ഷാഫിയുടെ ക്രൂരതയ്ക്കു വിധേയായിട്ടുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന് പോലീസിനും കഴിയുന്നില്ല.
ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഇലന്തൂരില്‍ ഭഗവല്‍സിംഗിന്റെ വീട്ടുവളപ്പില്‍ വിശദമായ പരിശോധന നടന്നെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
എന്നിരുന്നാലും മൂന്നാമതൊരു കൊലപാതകത്തിലും നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കു ബന്ധമുണ്ടോയെന്ന അന്വേഷണത്തിന് വിരാമമാകുന്നില്ല.
ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ വ്യക്തമായ ഉത്തരം ഷാഫി അന്വേഷണസംഘത്തിനു നല്‍കിയിട്ടില്ല. എന്നാല്‍ ഇരട്ട നരബലിക്കേസിലെ അന്വേഷണത്തെ വഴിതിരിക്കാനാണ് ഈ മൗനമെന്നും സംശയിക്കുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നു കാണാതായ സ്ത്രീകളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ചില ദുരൂഹതകള്‍ ഉയര്‍ന്നുവന്നത്.
സമാനമായ സാഹചര്യത്തില്‍ ഒരു കേസില്‍ അന്വേഷണം ഷാഫിയിലേക്കു നീങ്ങുന്ന സൂചനയുണ്ട്.ഷാഫിയുടെ കൊലപാതക ശൈലിയാണ് പോലീസിനെയും ഞെട്ടിച്ചിരിക്കുന്നത്.
അത്യന്തം ക്രൂരമായ രീതിയില്‍ കൊല നടത്തുന്ന ശൈലി ഇതിനുമുമ്പ് ഉദ്യോഗസ്ഥര്‍ക്ക് കേട്ടുകേഴ് വി മാത്രമായിരുന്നു.
20 വര്‍ഷം മുമ്പ് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ഷാഫിക്ക് മനുഷ്യശരീരത്തെക്കുറിച്ച് അന്നു ലഭിച്ച അറിവുകളാകാം ഇപ്പോഴത്തെ കൊലപാതക ശൈലിയിലും ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.
എന്നാല്‍ റോസ് ലിയുടെയും പത്മയുടെയും മൃതദേഹാവശിഷ്ടങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത റിപ്പോര്‍ട്ടില്‍ പല അവയവങ്ങളും മുറിഞ്ഞിട്ടുണ്ടെന്ന നിഗമനമാണ് ഡോക്ടര്‍മാര്‍ക്കുള്ളത്.
ആന്തരികാവയവങ്ങള്‍ മുറിച്ചെടുത്ത് സൂക്ഷിച്ചുവെന്ന മൊഴി പ്രതികള്‍ നല്‍കിയിരുന്നതായി പ്രചാരണമുണ്ടായിരുന്നു.