പത്തനംതിട്ട: രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിലും ഖാദി പ്രസ്ഥാനത്തിന്റെ സമാരംഭത്തിനുമായി സംഭാവനകൾ നൽകിയ ഇലന്തൂർ ഗ്രാമത്തെ നരബലിയിലൂടെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരേ നാട്ടുകാർ.
ഇലന്തൂരിലെ പുളിന്തിട്ട ഭാഗത്തുണ്ടായ ഇരട്ടനരബലിയുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിക്കാനെത്തുന്നവർ ഈ നാടിന്റെ സാംസ്കാരിക ചരിത്രം കൂടി അറിഞ്ഞു പോകണമെന്നാവശ്യമാണ് നാട്ടുകാർക്കുള്ളത്.
ബലിക്കളവും പുരയിടവും സന്ദർശിക്കാനെത്തുന്നവർ ഇലന്തൂരിലെ ഗാന്ധിസ്മൃതി മണ്ഡപമടക്കമുള്ള സാംസ്കാരിക സ്മാരകങ്ങളിലും കാണണമെന്നാവശ്യമാണ് നാട്ടുകാർക്കുള്ളത്.
കഴിഞ്ഞ ഒരാഴ്ചയായി ഈ നാടിനെ അധിക്ഷേപിക്കുന്ന സാമൂഹിക മാധ്യമങ്ങളടക്കം ഇലന്തൂരിന്റെ യഥാർഥ ചരിത്രം പഠിക്കണമെന്ന അഭ്യർഥന നാട്ടുകാർ നടത്തുന്നുണ്ട്.
മഹാത്മാഗാന്ധി 1937ൽ സന്ദർശിച്ച ഗ്രാമമാണ് ഇലന്തൂർ. ഖാദി പ്രസ്ഥാനത്തിനു മധ്യതിരുവിതാംകൂറിൽ തുടക്കമിടുന്നത് ഇലന്തൂരിലാണ്.
സ്വാതന്ത്ര്യസമരരംഗത്തേക്ക് കെ. കുമാർജി, ഖദർ ദാസ് ഗോപാലപിള്ള, പി.സി. ചെറിയാൻ തുടങ്ങിയവരടക്കം നിരവധിയാളുകളെ ഈ നാട് സംഭാവന ചെയ്തു.
ഇലന്തൂരിൽ ഗാന്ധിജി നടത്തിയ പ്രസംഗവും അന്നദ്ദേഹത്തിനു വേദിയൊരുക്കിയ സ്ഥലവും ഇന്നും ചരിത്രത്തിന്റെ ഭാഗമായുണ്ട്.
അതിനു മുന്പേ ശ്രീനാരായണ ഗുരുവിന്റെ സന്ദർശനവും ഈ ഗ്രാമത്തിലേക്കുണ്ടായി. മഹത്തായ പാരന്പര്യം ഇന്നും കാത്തു സൂക്ഷിക്കുന്ന ഗ്രാമത്തെ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കരിതേച്ചു കാണിക്കരുതേയെന്നാണ് നാട്ടുകാരുടെ അഭ്യർഥന.
മഹാത്മാഗാന്ധിയുടെ സന്ദർശനത്തെ ഏറെ ആദരവോടെ ഇന്നും കാണുന്ന പഴയതലമുറയിൽപെട്ടവർ ഈ നാട്ടിൽ ജീവിച്ചിരിപ്പുണ്ട്.
ഇവരുടെ പിന്തുടർച്ചയിൽ ഖാദി പ്രസ്ഥാനത്തിന്റെ വേരുകൾ ഇന്നും ഇലന്തൂരിലുണ്ട്. മദ്യവിരുദ്ധ പ്രസ്ഥാനങ്ങൾക്കും നല്ല വേരോട്ടമാണ്.
കള്ളുഷാപ്പുകളെ നിരുത്സാഹപ്പെടുത്തുകയും മദ്യവില്പനശാലകൾക്ക് അനുമതി നിഷേധിക്കുകയും ചെയ്യുന്ന പാരന്പര്യം ഗ്രാമപഞ്ചായത്ത് ഭരണാധികാരികൾ ഇന്നും തുടർന്നുവരുന്നു.