ന്യൂജേഴ്സി: ഫ്ലോറിഡയിലെ താമ്പാ സിറ്റിയിൽനിന്നും ന്യൂജേഴ്സിയിലേക്കുള്ള വിമാനത്തിൽനിന്നും “ഇഴഞ്ഞുകയറ്റക്കാരനെ’ പിടികൂടി. യാത്രക്കാർ പരിഭ്രാന്തരായതോടെയാണ് ടിക്കറ്റില്ലാതെ ഇഴഞ്ഞുകയറിയ വിരുതനെ കണ്ടത്.
നെവാർക്ക് ലിബർട്ടി രാജ്യാന്തര വിമാനത്താവളത്തിലെ തൊഴിലാളികൾ എത്തി ഇയാളെ കൈയോടെ പിടികൂടി പുറത്താക്കി.
ഗാർട്ടർ ഇനത്തിൽപ്പെട്ട “വിഷരഹിതനായ’ പാമ്പാണ് വിമാനത്തിൽ പൊല്ലാപ്പ് ഒപ്പിച്ചത്. ഇയാളെ പിടികൂടി വനത്തിൽ തുറന്നുവിട്ടു.
നമ്മുടെ നാട്ടിലെ വെള്ളത്തിൽ ജീവിക്കുന്ന പാമ്പുകളുടെ വിഭാഗത്തിൽപ്പെട്ട ഗാർട്ടർ പാമ്പ് വിമാനത്തിലെ യാത്രക്കാരെ ആരെയും ഉപദ്രവിച്ചില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിനു ശേഷമാണ് ബിസിനസ് ക്ലാസിലെ യാത്രക്കാർ പാമ്പിനെ കണ്ടത്.
യാത്രക്കാർ നിലവിളിച്ചതോടെ പരിഭ്രാന്തിപരന്നു. ഉടനെ വിമാനത്താവളത്തിലെ വൈൽഡ് ലൈഫ് ഓപ്പറേഷൻസ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.