രാജകുമാരി: സിമന്റും കമ്പിയുമില്ലാതെ മണ്ണ് ഉപയോഗിച്ച് ആധുനിക രീതിയില്‍ പ്രകൃതിയോടിണങ്ങിയ വീട് നിര്‍മിക്കുകയാണ് രാജസ്ഥാന് സ്വദേശിയായ ലളിത്കുമാര്‍ ഭല്ല.
കേരളത്തിലെ കാലാവസ്ഥയോട് ഇഷ്ടം തോന്നിയ ഭല്ല ഇടുക്കി രാജകുമാരിയില്‍ ഒരേക്കര്‍ സ്ഥലം സ്വന്തമായി വാങ്ങിയാണ് രാജസ്ഥാൻ മാതൃകയിൽ വീട് നിര്‍മിക്കുന്നത്.
വലിയ സാന്പത്തിക ചെലവ് ഇല്ലാതെ മണ്ണിനെ നോവിക്കാതെ മണ്ണുകൊണ്ടൊരു വീട് നിര്‍മിക്കുകയാണ് ലളിത്കുമാര്‍ ഭല്ല. മണ്ണ് കുഴിച്ചെടുത്ത് ഇടിച്ചു പൊടിയാക്കി അത് അരിച്ചെടുക്കും.
പിന്നീട് ഇതിലേക്കു മുമ്പ് തയാറാക്കിവച്ചിരിക്കുന്ന ചുണ്ണാമ്പ് ലായനിയും ശര്‍ക്കര മിശ്രിതവും ചേര്‍ത്തിളക്കി ചാന്തായി ഉപയോഗിക്കും.
പുറംഭിത്തി നിര്‍മിക്കുന്നതിനാണ് ചുടുകട്ട ഉപയോഗിച്ചിരിക്കുന്നത്. ഉള്‍ഭിത്തികള്‍ തിരിച്ചിരിക്കുന്നത് ഇല്ലിക്കമ്പുകള്‍ അടുക്കി അതിനു മുകളിലൂടെ മണ്ണ് തേച്ച് പിടിപ്പിച്ചാണ്. സിമന്റിനോളം ഉറപ്പ് ഇതിനും ഉണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.
എല്ലാവിധ സൗകര്യങ്ങളോടുംകൂടി നിര്‍മിക്കുന്ന വീടിന്റെ മച്ചിട്ടിരിക്കുന്നതും ഇല്ലി പൊട്ടിച്ച് നിരത്തി ഇതിനു മുകളിൽ മണ്ണിട്ട് ഉറപ്പിച്ചാണ്. ഉപയോഗ ശൂന്യമായ കുപ്പികളും മറ്റും വീട് നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇവിടുത്തെ കാലാവസ്ഥയാണ് ഏറ്റവും ഇഷ്ടമെന്ന് ഇദേഹം പറയുന്നു.
രണ്ടു വര്‍ഷം മുമ്പാണ് രാജകുമാരി പഞ്ചായത്തിലെ പന്നിയാര്‍ ജംഗ്ഷനില്‍ സ്ഥലം വാങ്ങി വീട് നിര്‍മാണം ആരംഭിച്ചത്. എൻജിനിയറായ മകളാണ് വീടിന്റെ ഡിസൈന്‍ തയാറാക്കിയത്.
മണ്‍വീട് നിര്‍മിക്കുന്നതിനൊപ്പം ഇതിനു താഴ്വശത്തായി മുളവീടും ലളിത് കുമാര്‍ ഭല്ല നിര്‍മിക്കുന്നുണ്ട്.
അഥിതികള്‍ എത്തുമ്പോള്‍ താമസിക്കാനായാണ് എല്ലാവിധ സൗകര്യങ്ങളോടുംകൂടി മുളവീട് നിര്‍മിച്ചിരിക്കുന്നത്.
ഇനിയുള്ള കാലം ഇവിടെ കുടുംബത്തിനൊപ്പം താമസിക്കുകയെന്നതാണ് ലക്ഷ്യമെന്നും ലളിത്കുമാര്‍ പറയുന്നു.