പിപിഇ കിറ്റ് അഴിമതിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ മറ്റൊരു അഴിമതിക്കഥ കൂടി വെളിയില്‍ വരികയാണ്.
രണ്ടാം കോവിഡ് തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി ഗ്ലൗസുകള്‍ ഓര്‍ഡര്‍ ചെയ്തതില്‍ നടന്ന ക്രമക്കേടാണ് ഇപ്പോള്‍ വെളിയില്‍ വന്നിരിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് കേവലം പതിനൊന്നു ദിവസം പിന്നിടുമ്പോഴാണ് ഈ കരാര്‍ നടന്നിരിക്കുന്നത്.
കേരളത്തിലെ കടകളില്‍ വില്‍ക്കുന്നതിലും ഇരട്ടിയിലധികം തുകയ്ക്ക് ഒരു കോടി ഗ്ലൗസുകളാണ് വാങ്ങിയത്.
അതും പകുതി തുകയായ 6 കോടി രൂപ മുന്‍കൂറായി നല്‍കിയായിരുന്നു ഇടപാട്. എന്നാല്‍ പണം കൈപ്പറ്റിയിട്ടും വാഗ്ദാനം ചെയ്ത ഗ്ലൗസിന്റെ പകുതി പോലും കമ്പനി കേരളത്തില്‍ എത്തിച്ചില്ല.
ടെന്‍ഡര്‍ പോലും ക്ഷണിക്കാതെയായിരുന്നു നടപടി. ഒരു കോടി ഗ്ലൗസുകള്‍ യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്തു നല്‍കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു കമ്പനിയുടെ രംഗപ്രവേശം.
ഇതേത്തുടര്‍ന്ന് മറ്റൊന്നും നോക്കാതെ 2021 മെയ് 31ന് മെഡിക്കല്‍ സര്‍വ്വീസസ് കോര്പറേഷന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്കി. ഒരു കോടി വിനൈല്‍ നൈട്രൈല് ഗ്ലൗസ്. GST സഹിതം 12 കോടി 15 ലക്ഷം രൂപയാണ് വില. അതായത് ഒരു ഗ്ലൗസിന് 12.15 രൂപ.
മെയ് 27 ന് കേരളത്തിലെ കടകളില്‍ ഒരു ഗ്ലൗസ് 5.75 രൂപയ്ക്കേ വില്‍ക്കാവൂ എന്ന് ഇതേ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് തന്നെ ഉത്തരവ് ഉറക്കിയിരുന്നു.
ഇത് മറന്നാണ് ഇരിട്ടിയിലധികം രൂപയ്ക്ക് നാല് ദിവസത്തിന് ശേഷം ഇവര്‍ തന്നെ കേരളത്തിലെ കമ്പനിയുമായി കരാറില്‍ എത്തിയത്. മാത്രമല്ല ജൂണ്‍ 3ന് പകുതി തുകയായ 6 കോടി ഏഴ് ലക്ഷം രൂപ കരാറുകാരന് നല്കി.
തീര്‍ന്നില്ല, പണം വാങ്ങിയ ശേഷം ജൂണ്‍ 16 ന് 20 ലക്ഷം ഗ്ലൗസ് എത്തി. ജൂണ്‍ 28ന് ബാക്കി 60 ലക്ഷം എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും 21.6 ലക്ഷം മാത്രം എത്തിച്ചു.
പകുതി തുക മുന്‍കൂര്‍ വാങ്ങിയെങ്കിലും പകുതി പോലും എത്തിച്ചില്ല. ഗ്ലൗസ് വൈകിയതോടെ കേരളത്തില്‍ നിന്ന് പ്രാദേശികമായി വാങ്ങി. കരാര്‍ റദ്ദാക്കി.
പക്ഷേ ഇതൊന്നും കാര്യമാക്കാതെ കമ്പനി പിന്നീട് 58.40 ലക്ഷം ഗ്ലൗസ് എത്തിച്ചെങ്കിലും ഇത് ഇപ്പോഴും KMSCL ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് ചര്‍ച്ചയാവുമെന്നുറപ്പാണ്.