പത്തനംതിട്ട: ഇരട്ട നരബലിക്കേസില്‍ ഇലന്തൂരില്‍ വീണ്ടും തെളിവെടുപ്പ്. ഭഗവല്‍സിംഗിന്റെ വീട്ടിലും പരിസരത്തും പ്രതികളുമായി അന്വേഷണസംഘം ഇന്നുച്ചയോടെ വീണ്ടും തെളിവെടുപ്പ് തുടങ്ങും.
കൊല്ലപ്പെട്ട പത്മയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതു നശിപ്പിച്ചുവെന്നാണ് പ്രതികള്‍ ആദ്യം മൊഴി നല്‍കിയത്. കിണറ്റിലേക്കാണ് ഫോണ്‍ എറിഞ്ഞതെന്ന് ലൈല മൊഴി നല്‍കിയിട്ടുണ്ടെന്നും പറയുന്നു.
ഭഗവല്‍സിംഗിന്റെ വീട്ടില്‍നിന്നു മറ്റുചില തെളിവുകള്‍കൂടി ശേഖരിക്കാനുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച നടന്ന പരിശോധനയില്‍ അടയാളമിട്ടിരിക്കുന്ന ഭാഗങ്ങളില്‍ വീണ്ടും പരിശോധന ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല.
ഇലന്തൂരില്‍ സ്ത്രീകളെ കൊലപ്പെടുത്താനുപയോഗിച്ച കത്തി, കയര്‍ തുടങ്ങിയവ വാങ്ങിയ ഇടങ്ങളില്‍ ഭഗവല്‍സിംഗുമായി അന്വേഷണസംഘം തെളിവെടുപ്പിനെത്തുമെന്നും സൂചനയുണ്ട്.
ഫോണ്‍ നിര്‍ണായക തെളിവ്
കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി പത്മയുടെ മൊബൈല്‍ ഫോണാണ് കേസിലെ നിര്‍ണായക തെളിവ്. ഈ ഫോണിലെ അവസാന കോള്‍ തേടിയുള്ള അന്വേഷണമാണ് ഇലന്തൂര്‍ ഇരട്ടനരബലിക്കേസ് തെളിഞ്ഞതുതന്നെ.
കാണാതായ പത്മയെ കണ്ടെത്തുന്നതിലേക്ക് എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം കടവന്ത്ര പോലീസ് പത്മയുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ തേടിപ്പോയിരുന്നു.
ഇതാണ് അവസാനം തിരുവല്ല ഭാഗത്തും പിന്നീട് ആറന്മുള പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ ഇലന്തൂരിലും ചെന്നെത്തുന്നത്.
പിന്നീട് ഈ ഫോണ്‍ ഓഫായിട്ടുണ്ടെന്ന് വ്യക്തമായി. പത്മയെ ഫോണില്‍ കിട്ടാതായതോടെയാണ് ബന്ധുക്കളും പരാതിയുമായി പോലീസിനെ സമീപിച്ചത്.
തിരുവല്ല ഭാഗത്തേക്കുള്ള പത്മയുടെ യാത്രയില്‍ ദുരൂഹത മണത്തതോടെയാണ് ഇവരുടെ യാത്രാവിവരങ്ങള്‍ തേടാന്‍ പോലീസ് തീരുമാനിച്ചത്. ഇതോടെയാണ് മുഹമ്മദ് ഷാഫിയിലേക്ക് അന്വേഷണം എത്തിയത്.
മൂന്നാം കൊലപാതകം: നിരസിച്ച് ഷാഫി
കൊലയ്ക്ക് ഇരയായ റോസ് ലിയും പത്മയും കൂടാതെ ഒരു സ്ത്രീ കൂടി മുഹമ്മദ് ഷാഫിയുടെ ക്രൂരതയ്ക്കു വിധേയായിട്ടുണ്ടോയെന്ന അന്വേഷണം പോലീസ് തുടരുന്നു.
ഇതുസംബന്ധിച്ച സൂചന ലൈലയുടെ മൊഴിയിലാണ് അന്വേഷസംഘത്തിനു ലഭിച്ചത്. എന്നാല്‍ മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തപ്പോള്‍ ഇതു നിഷേധിച്ചു.
ഇതോടെ മൂന്നാമതൊരു കൊലപാതകമുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന് പോലീസിനും കഴിയുന്നില്ല.
ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഇലന്തൂരില്‍ ഭഗവല്‍സിംഗിന്റെ വീട്ടുവളപ്പില്‍ വിശദമായ പരിശോധന നടന്നെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.