ഇലന്തൂർ ഇരട്ട നരബലിയെക്കുറിച്ച് കേട്ട പ്രബുദ്ധ കേരളം ഒന്നടങ്കം ചോദിച്ച ഒരു ചോദ്യമുണ്ട്. ഒരു സ്ത്രീക്ക് ഇത്രയും ക്രൂരയാകാൻ കഴിയുമോ എന്ന്?
മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കഥകളാണ് കേസിലെ മൂന്നാം പ്രതിയായ ലൈലയെക്കുറിച്ച് ദിവസവും പുറത്തുവരുന്നത്.
പോലീസ് കസ്റ്റഡിയിലുള്ള ലൈലയെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥർ പോലും അവരുടെ കൂസലില്ലായ്മയെക്കുറിച്ച് പലവട്ടം പറഞ്ഞു.
കൊലപ്പെടുത്തിയ സ്ത്രീകളെ കറിക്കത്തിയും വാക്കത്തിയുംക്കൊണ്ട് വെട്ടിനുറുക്കിയ വിധം ലൈല വിവരിക്കുന്പോൾ അവരുടെ മുഖത്ത് പശ്ചാത്താപം തെല്ലും ഇല്ലായിരുന്നുവെന്നാണ് അന്വേഷണോദ്യോഗസ്ഥർ പറയുന്നത്.
പ്രണയം വിവാഹത്തിലേക്ക്
പത്തനംതിട്ട ഇടപ്പരിയാരത്ത് പ്ലാവിനാൽ കുടുംബാംഗമായിരുന്നു ലൈല. പത്തനംതിട്ടയിലെ പേരുകേട്ട കുടുംബമായിരുന്നു അത്.
മൂന്നു സഹോദരൻമാരും ലൈലയും ഉൾപ്പെടെ നാലു മക്കളാണ്. ഒരു സഹോദൻ നേരത്തെ മരിച്ചു. വിദേശത്തായിരുന്ന ഒരു സഹോദരൻ കുടുംബവുമായി ഇപ്പോൾ നാട്ടിൽ താമസിക്കുന്നു. മറ്റൊരാൾ മാവേലിക്കരയിലെ ആശ്രമത്തിൽ അന്തേവാസിയാണ്. കൂട്ടത്തിൽ ഇളയമകളാണ് ലൈല.
ലൈല ഭഗവൽ സിംഗിന്റെ രണ്ടാം ഭാര്യയാണ്. ഇവരുടെ ആദ്യത്തേത് പ്രണയ വിവാഹം ആയിരുന്നു. പഠനകാലത്ത് കണ്ടുമുട്ടിയ ആളുമായി പ്രണയത്തിലാകുകയായിരുന്നു.
അങ്ങാടിക്കട നടത്തുന്ന അന്യമതസ്ഥനായിരുന്നു അയാൾ. പ്രണയം കൊടുന്പിരിക്കൊണ്ടപ്പോൾ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു.
വിവാഹം കഴിഞ്ഞതോടെ ഇവർ വീട്ടിൽനിന്ന് പുറത്തായതായി നാട്ടുകാർ പറയുന്നു. വർഷങ്ങൾക്കുശേഷം അയാൾ അച്ചൻകോവിലാറ്റിലെ കല്ലറക്കടവിൽ മുങ്ങിമരിക്കുകയായിരുന്നു. ഈ ബന്ധത്തിൽ അവർക്ക് മക്കൾ ഉണ്ടായിരുന്നില്ല.
ഭഗവൽ സിംഗുമായി രണ്ടാം വിവാഹം
തുടർന്ന് 26 വർഷം മുന്പാണ് ഭഗവൽ സിംഗിന്റെ ജീവിതത്തിലേക്ക് ലൈല എത്തുന്നത്. ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു ഭഗവൽ സിംഗ് ലൈലയെ ജീവിതസഖിയാക്കിയത്.
രണ്ടു പേരുടെയും മുത്തശിമാർ സഹോദരങ്ങളുടെ മക്കളായിരുന്നു. അങ്ങനെയാണ് ഈ വിവാഹത്തിലേക്ക് എത്തിയത്.
ഭഗവൽ സിംഗിന്റെ ആദ്യ വിവാഹത്തിലെ മകളും ഇവർക്കൊപ്പമുണ്ടായിരുന്നു. ഭഗവൽ സിംഗുമായുള്ള വിവാഹത്തിൽ ഇവർക്കൊരു മകനുണ്ട്.
നിലവിൽ രണ്ടുമക്കളും വിദേശത്താണ്. സഹോദരങ്ങളുമായി ലൈലയ്ക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ല.
അതേസമയം സമീപവാസികളോട് ലൈലയും ഭഗവൽ സിംഗും അടുത്ത ബന്ധം പുലർത്തിയിരുന്നതായാണ് വിവരം.
അതുകൊണ്ടുതന്നെ ഇവർ നരബലിയിൽ ഉൾപ്പെട്ടുവെന്നറിഞ്ഞ പരിസരവാസികൾ ഞെട്ടലോടെയാണ് അത് കേട്ടത്.
ലൈല കടുത്ത അന്ധവിശ്വാസി
ലൈല കടുത്ത അന്ധവിശ്വാസിയായിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ലൈലയുടെ അമ്മയുടെ മരണത്തിന് പിന്നാലെ അഞ്ച് മരണംകൂടി കുടുംബത്ത് നടക്കുമെന്നും അതൊഴിവാക്കാനായി പൂജ നടത്തണമെന്നും ഇവർ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി പറയുന്നു.
ഇടപ്പരിയാരത്തെ കുടുംബവീട്ടിൽ അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കു ശേഷം മക്കളെല്ലാം പിരിഞ്ഞു പോയിരുന്നു.
അതിനു ശേഷം ലൈല ബന്ധുക്കളെ ഫോണിൽ വിളിച്ച് അമ്മയുടെ ആത്മാവിന് ശാന്തി ലഭിച്ചിട്ടില്ലെന്നും അതിനായി വീണ്ടും മരണാനന്തര ചടങ്ങുകൾ നടത്തണമെന്ന് അറിയിച്ചതായും വിവരമുണ്ട്.
ഈ കർമങ്ങൾ നടത്തിയില്ലെങ്കിൽ കുടുംബത്തിൽ അഞ്ചു മരണങ്ങൾ ഉണ്ടാകുമെന്ന് ലൈല പറഞ്ഞുവത്രേ.
ലൈലയുടെ ആവശ്യത്തോട് സഹോദരങ്ങൾക്ക് വിയോജിപ്പായിരുന്നു. ഒരാഴ്ചയ്ക്കുശേഷം ഇവർ മറ്റൊരു പുരോഹിതനെക്കൊണ്ടുവന്ന് മരണാനന്തര ചടങ്ങുകൾ വീണ്ടും നടത്തിയെന്നും നാട്ടുകാർ പറയുന്നു.
(തുടരും)