അമ്പലപ്പുഴ: ട്രെയിനിനു മുന്നിൽ നിന്ന് കുഞ്ഞനുജത്തിയുടെ ജീവൻ അദ്ഭുതകരമായി രക്ഷിച്ച വിദ്യാർഥിനിയെ എച്ച്. സലാം എംഎൽഎ അനുമോദിച്ചു.
അറവുകാട് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി പവിത്രയെയാണ് എംഎൽഎ സ്കൂളിലെത്തി അധ്യാപകരെയും സഹപാഠികളെയും സാക്ഷിനിർത്തി പൊന്നാടയണിയിച്ച് അനുമോദിച്ചത്.
പുന്നപ്ര വലിയ തെെപ്പറമ്പ് വീട്ടിൽ സജിമോൻ-പ്രവീണ ദമ്പതികളുടെ മകൾ പവിത്ര വീടിനു സമീപത്തു കടന്നുപോകുന്ന തീരദേശ റെ യിൽപാളത്തിലൂടെ പാഞ്ഞടുത്ത ട്രെയിനിനുമുന്നിൽനിന്ന് അനുജത്തി മിത്രയുടെ ജീവൻ രക്ഷിച്ചത്. അറവുകാട് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മിത്ര.
ഞായറാഴ്ച വൈകിട്ട് 5.30ന് വീടിനടുത്തുള്ള റെയിൽപാതയ്ക്കു സമീപം കൂട്ടുകാർക്കൊപ്പം പവിത്ര കളിച്ചുകൊണ്ടിരിക്കുമ്പോൾ അനുജത്തി മിത്ര ട്രെയിൻ വരുന്നതറിയാതെ പാളത്തിലൂടെ നടന്നുനീങ്ങുകയായിരുന്നു.
വീട്ടുകാർ ഉൾപ്പെടെ സംഭവം കാണുന്നുണ്ടെങ്കിലും അലമുറയിട്ട് കരയാനല്ലാതെ അവർക്ക് ഒന്നും ചെയ്യാനാകാത്ത ദൂരത്തിലായിരുന്നു.
ഈ ഘട്ടത്തിലാണ് സ്വന്തം ജീവൻ പോലും നോക്കാതെ പവിത്ര അനുജത്തിയെ മാറോടു ചേർത്ത് പാളത്തിൽനിന്ന് മാറ്റിയത്. തൊട്ടടുത്ത നിമിഷത്തിൽ ചൂളം വിളിയോടെ ട്രെയിൻ കടന്നുപോകുകയും ചെയ്തു.
വിവരമറിഞ്ഞ് സ്കൂളിലെത്തിയ എച്ച്. സലാം പവിത്രയുടെ ക്ലാസ് മുറിയായ 8 സിയിലെത്തി പൊന്നാടയണിയിക്കുകയായിരുന്നു.
അഡ്വ. ഷീബാ രാകേഷ്, പി. കെ. സജീന, ക്ലാസ് ടീച്ചർ എസ്. എസ്. ജയശ്രീ തുടങ്ങിയവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.