പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ആഡംബര ബസ് സർവീസ് നടത്തുന്ന സ്വതന്ത്ര കന്പനിയായ കെ സ്വിഫ്റ്റ് കമ്പനിയും കെഎസ്ആർടിസിയെ പിഴിയുന്നു.
യാതൊരു മൂലധന നിക്ഷേപവുമില്ലാത്ത കെസ്വിഫ്റ്റ് കെഎസ്ആർടിസി യിൽ നിന്നും ഇതുവരെ വാടകയായി ഈടാക്കിയത് 7.49 കോടി രൂപ. ഇതുവരെ സർവീസ് നടത്തിയതിന്10 കോടി നല്കണമെന്നാണ് കെസ്വിഫ്റ്റിന്റെ ആവശ്യം.
കെഎസ്ആർടി സി യുടെ റൂട്ടുകളിൽ കെ സ്വിഫ്റ്റിന്റെ ബസുകൾ ദീർഘ ദൂര സർവീസ് നടത്തുന്നതിനാണ് കെ സ്വിഫ്റ്റിന് കെ എസ്ആർടിസി വാടക നല്കേണ്ടത്.
കെ എസ് ആർ ടി സി യ്ക്ക് സർക്കാർ അനുവദിച്ച പ്ലാൻ ഫണ്ട് തുകയിൽ നിന്നും 50 കോടി വിനിയോഗിച്ചാണ് സ്വതന്ത്ര കന്പനിയായ കെ സ്വിഫ്റ്റന് 116 ബസുകൾ വാങ്ങിയത്. കെഎസ്ആർടിസിയ്ക്ക് അനുവദിച്ച തുക ഉപയോഗിച്ച് മറ്റൊരു കന്പനിയ്ക്ക് ബസ് വാങ്ങിയത് എങ്ങനെ എന്നതിന് ഇതുവരെ ഉത്തരമുണ്ടായിട്ടില്ല.
കെ എസ്ആർടിസി യുടെ എല്ലാവിധ സംവിധാനങ്ങളും ഉപയോഗിച്ചാണ് കെ സ്വിഫ്റ്റിന്റെ ബസ് സർവീസ് നടത്തിപ്പ്. വരുമാനം കെ സ്വിഫ്റ്റിന്റെ അക്കൗണ്ടിലാക്കാതെ കെ എസ് ആർ ടി സി യുടെ അക്കൗണ്ടിലാണ് ചേർക്കുന്നത്..
സ്വകാര്യ കമ്പനികളിൽ നിന്നും ബസുകൾ വാടകയ്ക്ക് എടുത്ത് ഓടിക്കുന്നത് പോലെയാണ് കെ സ്വിഫ്റ്റ് കെ എസ് ആർടിസിയ്ക്ക് വേണ്ടി ഓടുന്നത്.
സ്വകാര്യ കന്പനികളിൽ നിന്നും ബസ് വാടകയ്ക്ക് എടുക്കുമ്പോൾ അറ്റകുറ്റ പണികളും മറ്റും ബസ് നല്കിയ കന്പനിതന്നെ നിർവഹിക്കേണ്ടതാണ്.
എന്നാൽ കെ സ്വിഫ്റ്റിന്റെ എല്ലാ ചുമതലകളും കെഎസ്ആർടിസിയാണ് കൈകാര്യം ചെയ്യുന്നത്.കെ സ്വിഫ്റ്റിന്റെ സ്ലീപ്പർ കോച്ചുകൾക്ക് കിലോമീറ്ററിന് 27 രൂപയും സെമി സ്ലീപ്പർ കോച്ചുകൾക്ക് 24.30 രൂപയും സിറ്റർ ബസുകൾക്ക് 21.37 രൂപയും കിലോമീറ്ററിന് കെ എസ് ആർ ടി സി വാടകനല്കണം.
കെ സ്വിഫ്റ്റിന് വേണ്ടി വാങ്ങിയ സിറ്റി സർക്കുലർ നടത്തുന്ന ഇലക്ട്രിക് ബസുകളുടെ വാടക നിശ്ചയിച്ചിട്ടില്ലെന്നും കെ എസ്ആർടിസി അധികൃതർ പറഞ്ഞു.
കെ സ്വിഫ്റ്റ് വരുമാനത്തിൽ പിന്നിൽ
കെ സ്വിഫ്റ്റ് നടത്തുന്നത് ആഡംബര ദീർഘ ദൂര സർവീസുകളാണെ ങ്കിലും വരുമാനത്തിൽ ഏറെ പിന്നിലും നഷ്ടത്തിലുമാണ്.
ഒരു കിലോമീറ്ററിന്റെ വരുമാനം (ഇപി കെ എം ) ശരാശരി 45 രൂപയാണ്. കെ എസ് ആർ ടി സി യുടെ സൂപ്പർ ഫാസ്റ്റിന്റെ ഇപി കെ എം 60 രൂപ വരെയാണ്.
കെ എസ് ആർടി സി യുടെ റൂട്ട് പെർമിറ്റ് ഉപേയോഗിച്ചാണ് കെ സ്വിഫ്റ്റ് ദീർഘ ദൂരസർവീസുകൾ നടത്തുന്നതു്. ഡീസൽ കെ എസ് ആർ ടി യു സി യുടെ പമ്പുകളിൽ നിന്നാണ്. ബസുകളുടെ മുഴുവൻ അറ്റകുറ്റപണികളും സ്പെയർ പാർട്സുകളും കെ എസ് ആർ ടി സി യുടെതാണ്.
കെ എസ് ആർ ടി സി യാണ് ബസുകളയാപരിപാലനം നടത്തുന്നത്. ഇതിനും പുറമേയാണ് കെ സ്വിഫ്റ്റ് സർവീസുകൾക്ക് വാടകയും നല്കേണ്ടത്.
സ്വതന്ത്ര കമ്പനിയായ കെ സ്വിഫ്റ്റിന് പ്രത്യേക ഡയറക്ടർ ബോർഡും ഭരണ സംവിധാനവുമാണ്. കെ എസ് ആർ ടി സി യുടെയും കെ – സ്വിഫ്റ്റിന്റെയും മാനേജിംഗ് ഡയറക്ടർ ഒരാൾ ആണ് എന്നത് മാത്രമാണ് ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ഏക ബന്ധം.