കൊല്‍ക്കൊത്ത: പൊതുയിടങ്ങളിൽ ശ്രദ്ധ നേടാൻ വിലകൂടിയ സ്മാർട്ട്ഫോൺ സ്വപ്നം കണ്ടവരാണ് നമ്മളിൽ പലരും.
എന്നാൽ നിങ്ങളുടെ ലക്ഷ്യം നേടാൻ നിങ്ങൾക്ക് എത്ര ദൂരം പോകാനാകും? എങ്കിലിതാ ബംഗാളിലെ ദിനാജ്പൂരിലുള്ള 16 വയസുകാരി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ രക്തം വിറ്റുവെന്ന വാർത്ത നിങ്ങളെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
ദക്ഷിണ ദിനാജ്പൂരിലെ തപൻ പോലീസ് സ്റ്റേഷൻ പരിധിയിലെ കർദയിലെ താമസക്കാരിയാണ് 12ആം ക്ലാസ് വിദ്യാർത്ഥിനി.
9000 രൂപ വിലയുള്ള സ്മാർട്ട്ഫോൺ ഓൺലൈനായി ഓർഡർ ചെയ്തെങ്കിലും ഇത്രയും ഭീമമായ തുക കണ്ടെത്താൻ അവൾ ബുദ്ധിമുട്ടി.
അതിനാൽ, പണത്തിന് പകരമായി ബാലൂർഘട്ടിലെ ജില്ലാ ആശുപത്രിയിൽ എത്തി രക്തം വിൽക്കാൻ അവൾ തീരുമാനിക്കുകയായിരുന്നു.
രക്തം നൽകുന്നതിന് പകരം പെൺകുട്ടി പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഞെട്ടിക്കുന്ന സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
രക്ത ദാനത്തിന് പകരമായി പെൺകുട്ടി പണം ആവശ്യപ്പെട്ടപ്പോൾ തങ്ങൾക്ക് സംശയം തോന്നിയതായി ബ്ലഡ് ബാങ്ക് ജീവനക്കാരൻ കനക് ദാസ് പറഞ്ഞു.
ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ശിശു സംരക്ഷണ വിഭാഗത്തെ വിവരമറിയിക്കുകയും അവർ ആശുപത്രിയിൽ എത്തുകയും ചെയ്തു.
പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിൽ അവർ യഥാർത്ഥ കാരണം കണ്ടെത്തുകയായിരുന്നു.
ഫോൺ ഡെലിവറി അടുത്തെന്നും, അതിനായി പണം കണ്ടെത്താനാണ് താൻ രക്തം വിൽക്കാൻ ശ്രമിച്ചതെന്നും പെൺകുട്ടി പറഞ്ഞതായി ചൈൽഡ് കെയർ അംഗം റീത മഹ്തോ പറഞ്ഞു.