മലയാളത്തിലെ യുവനടനെ കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല വെബ്സീരീസില്‍ അഭിനയിപ്പിച്ചെന്ന പരാതി പുറത്തു വന്നതിനു പിന്നാലെ സമാനമായ അനുഭവം പങ്കുവെച്ച് ഒരു യുവാവ് കൂടി രംഗത്തെത്തിയിരിക്കുകയാണ്.
ദീപാവലി ദിനത്തില്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാനിരിക്കുന്ന വെബ് സീരീസ് മാതൃകയിലുള്ള ചിത്രത്തിന്റെ അണിയറക്കാര്‍ക്കെതിരെ വെങ്ങാനൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെയാണ് ബാലരാമപുരം സ്വദേശിയായ 35 വയസ്സുകാരനും രംഗത്തെത്തിയത്.
വെങ്ങാനൂര്‍ സ്വദേശിയുടെ പരാതിയില്‍ പ്രതിയായ കവടിയാര്‍ സ്വദേശിയായ വെബ് സീരീസ് സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനെതിരെയും തന്നെയാണ് ബാലരാമപുരം സ്വദേശിയുടെയും പരാതി.
ഹ്രസ്വ ചിത്രമെന്ന പേരില്‍ ചിത്രീകരിച്ച വെബ് സീരീസില്‍ ഒന്ന് ഒടിടിയില്‍ റിലീസായതിനു പിന്നാലെയാണ് താന്‍ ചതിയില്പെട്ടതെന്നു മനസ്സിലാക്കിയതെന്നു യുവാവ് പറയുന്നു.
കോവിഡ് കാലത്ത് ജോലിയില്ലാതെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നതിനിടെയാണ് ഹ്രസ്വ ചിത്രത്തിലേക്കു വിളി വന്നത്.
സുഹൃത്തിന്റെ ക്ഷണം അനുസരിച്ചാണ് അഭിനയിക്കാന്‍ എത്തിയത്. നായകന്റെ കൂട്ടുകാരനായി ഒരു ചിത്രത്തിലും മറ്റൊരു ചിത്രത്തില്‍ സെക്യുരിറ്റിക്കാരനായും വേഷമിട്ടു.
രണ്ട് ചിത്രങ്ങള്‍ക്കുമായി ആകെ മൂന്ന് ദിവസത്തെ ചിത്രീകരണം, മൂവായിരം രൂപ പ്രതിഫലമായി നല്കി. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ നീലചിത്ര നായകനെന്ന പേര് വീണു. അപമാന ഭാരത്താല്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും യുവാവ് പറയുന്നു.
പോലീസില്‍ പരാതിപ്പെടാനുള്ള ധൈര്യമില്ലാത്തതിനാലാണ് പരാതിയുമായി മുന്നോട്ടു പോകാതിരുന്നതെന്നും യുവാവ് ഒരു മാധ്യമത്തോടു പറഞ്ഞു.
വെങ്ങാനൂര്‍ സ്വദേശിയുടെ പരാതിയിന്മേല് സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനെതിരെയും വഞ്ചനാക്കുറ്റത്തിനു വിഴിഞ്ഞം പോലീസ് കേസെടുത്തിരുന്നു.
തന്നെ വഞ്ചിച്ചതാണെന്നും ചിത്രം റിലീസ് ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്നും യുവാവ് പറയുന്നു. എന്നാല്‍ 90% നഗ്നത പ്രദര്‍ശിപ്പിക്കേണ്ട ചിത്രമാണെന്നു ബോധ്യപ്പെടുത്തിയും കരാറില്‍ ഒപ്പിട്ട ശേഷവുമാണു ഷൂട്ടിങ് തുടങ്ങിയതെന്നാണ് അണിയറക്കാരുടെ വാദം.
തെളിവായി കരാര്‍ ഒപ്പിടുന്നതിന്റെ വിഡിയോ ദൃശ്യവും പുറത്തുവിട്ടു. അതിനിടെ, സീരിയലിലെ നായികയുടെ വേഷം വാഗ്ദാനം ചെയ്താണു തന്നെ ഈ അശ്ലീല ചിത്രത്തിന്റെ അണിയറക്കാര്‍ ചതിയില്‍ പെടുത്തിയതെന്നു പരാതിപ്പെട്ട് മലപ്പുറം സ്വദേശിനിയും രംഗത്തെത്തിയിരുന്നു.
മോശം സിനിമയിലാണ് അഭിനയിക്കേണ്ടതെന്നു മനസ്സിലായതു രണ്ടാം ദിവസമായിരുന്നുവെന്നും അതിനിടയില്‍ കരാറില്‍ ഒപ്പു വയ്പിച്ചിരുന്നതായി യുവതി പറയുന്നു.
എന്നാല്‍ അഭിനയിക്കില്ലെന്നു പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി. ഷൂട്ടിങ് മുടങ്ങിയാല്‍ ഏഴര ലക്ഷം രൂപ തരേണ്ടി വരുമെന്നും പറഞ്ഞു. അതു കൊടുക്കാനില്ലാത്തതിനാല്‍ വഴങ്ങുകയായിരുന്നുവെന്ന് യുവതി പറയുന്നു. മുഖം കാണിക്കില്ലെന്ന വ്യവസ്ഥ ഒടിടിക്കാര്‍ ലംഘിച്ചെന്നും യുവതി പറയുന്നു.
ഈ ചിത്രത്തില്‍ അഭിനയിച്ചതോടെ താന്‍ പെരുവഴിയിലായെന്നും താനും കുഞ്ഞും കഴിഞ്ഞ കുറേ ദിവസങ്ങളായി റെയില്‍വേ പ്ലാറ്റ്ഫോമിലാണ് അന്തിയുറങ്ങുന്നതെന്നും യുവതി വ്യക്തമാക്കിയിരുന്നു.