ഇടുക്കി: എം.എം.മണി എംഎല്‍എയും മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനും തമ്മിലുള്ള വാക്പോരു മുറുകുന്നു. ഏതാനും ദിവസങ്ങളായി ഇരുവരും തമ്മില്‍ കടുത്ത രീതിയിലുള്ള വിമര്ശങ്ങളാണ് നടത്തുന്നത്.
ദേവികളും സബ് കളക്ടറെ എം.എം.മണി തെമ്മാടിയെന്നു വിളിച്ചത് അതിരു കടന്നെന്ന് രാജേന്ദ്രന് മൂന്നാറില്‍ പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് എം.എം മണിയാണ്.
പതിവായി ജാതിപ്പേരു വിളിച്ച് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മണി നടത്തുന്നത്. പാര്‍ട്ടി നേതാക്കളുടെ സ്വത്തു വിവരത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും രാജേന്ദ്രന് ആവശ്യപ്പെട്ടു.
മൂന്നാറില്‍ നടന്ന ദേവികുളം എസ്റ്റേറ്റ് എംപ്ലോയ്സ് യൂണിയന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ എസ്.രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് എം.എം.മണി പറഞ്ഞ് വിവാദമായിരുന്നു.
ഒരു നന്ദിയുമില്ലാത്ത ജന്മമാണ് രാജേന്ദ്രന്റേതെന്നും പാര്‍ട്ടിയുടെ ഭാഗമായി നിന്ന് അധികാരം നേടിയ ശേഷം ഒഴിവിലിരുന്ന് പാര്‍ട്ടിക്കെതിരെ പണിയുകയാണെന്നും മണി അന്നു പറഞ്ഞു.
തുടര്‍ന്ന് മണിയുടെ പരാമര്‍ശത്തിനെതിരെ രാജേന്ദ്രനും രംഗത്തെത്തി. തോട്ടം മേഖലയില്‍ ജനിച്ചു വളര്‍ന്ന തന്നെ കൈകാര്യം ചെയ്യാന്‍ ആരു വിചാരിച്ചാലും അതിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി അറിവോടെയാണോ മണി വിവാദ പ്രസ്താവന നടത്തിയതെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കണമെന്നും രാജേന്ദ്രന് ആവശ്യപ്പെട്ടിരുന്നു.
തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനുള്ള നീക്കം അട്ടിമറിച്ചത് എം.എം.മണിയാണെന്നും അദ്ദേഹം ആരോപിച്ചു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ. രാജയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് എസ്.രാജേന്ദ്രനെ ഒരു വര്‍ഷത്തേയ്ക്ക് സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇതെ തുടര്‍ന്ന് എം.എം.മണി രാജേന്ദ്രനെതിരെ പല തവണ ആരോപണങ്ങളുമായി രംഗത്തെത്തി. ഇതിനിടെ ദേവികുളം സബ് കളക്ടര്‍ക്കെതിരെ മണി നടത്തിയ തെമ്മാടി പരാമര്‍ശം പിന്‍വലിക്കണമെന്ന് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.