ചെങ്ങന്നൂര്‍: മുളക്കുഴയിലെ വാടകവീട്ടില്‍ കിടപ്പുരോഗിയായ വയോധികയെ വെട്ടിനുറുക്കി കൊലപ്പെടുത്തി. ചാരുമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ അന്നമ്മയുടെ സഹോദരിയുടെ ചെറുമകനായ റിഞ്ജു സാമിനെ (24) ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലര്‍ച്ചെ അഞ്ചോടെ മുളക്കുഴ പഞ്ചായത്ത് ജംഗ്ഷന് സമീപമുള്ള വാടകവീട്ടിലാണ് സംഭവം. പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഡിവൈഎസ്പി ഡോ. ആര്. ജോസ് പറഞ്ഞു.
റിഞ്ജുവിന്റെ അച്ഛനും അമ്മയും റിഞ്ജുവിന്റെ മുത്തശ്ശിയുടെ അനിയത്തി അന്നമ്മ വര്‍ഗീസുമാണ് വാടകവീട്ടിൽ താമസിക്കുന്നത്. മെഴുവേലി സ്വദേശികളായ ഇവര്‍ നാളുകളായി ഇവിടെ താമസിക്കുകയായിരുന്നു.
അന്നമ്മ കിടപ്പുരോഗിയാണ്. രഞ്ജുവും മാതാവും ഒരു മുറിയിലാണ് കിടന്നിരുന്നത്. പുലര്‍ച്ചെ എണീറ്റ രഞ്ജു ഹാളില്‍ സെറ്റിയില്‍ കിടക്കുകയായിരുന്ന അച്ഛനെയാണ് ആദ്യം ആക്രമിച്ചത്.
തടിക്കസേരകൊണ്ട് തലയ്ക്കടിയേറ്റ ഇയാൾ ഭാര്യയെയും കൂട്ടി രക്ഷപ്പെടുകയായിരുന്നു.ഇതിനോടകം വീട് മുഴുവന്‍ ലോക്ക് ചെയ്ത രഞ്ജു കിടപ്പുരോഗിയായ അന്നമ്മയുടെ മുറിയിലേക്ക് ചെന്ന് തുടരെ വെട്ടുകയായിരുന്നു.
തലയും കാലുമെല്ലാം വെട്ടിമാറ്റി. വിവരമറിഞ്ഞ് ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്ത് വന്നപ്പോഴും ഇയാള്‍ അന്നമ്മയുടെ മൃതദേഹത്തില്‍ വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു.
പോലീസുകാര്‍ പിന്നീട് രഞ്ജുവിനെ കീഴടക്കി സ്റ്റേഷനിലേക്ക് മാറ്റി. ചെന്നൈയിലെ ഒരു ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന റിഞ്ജു മാനസിക രോഗത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് ജോലി ഉപേക്ഷിച്ച് നാട്ടില്‍ എത്തുകയായിരുന്നുവെന്നു പറയുന്നു.