സീമ മോഹൻലാൽ
കസ്റ്റഡിയിൽ ലഭിച്ച പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരുടെ ചോദ്യം ചെയ്യലിലൂടെ കൊടും ക്രൂരതയുടെ ചുരുളഴിക്കുകയാണ് കൊച്ചി സിറ്റി പോലീസ്.
സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു, ഡിസിപി എസ്. ശശിധരൻ, പെരുന്പാവൂർ എഎസ്പി അനൂജ് പാലിവാൾ, സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സി.ജയകുമാര്‍, കടവന്ത്ര പോലീസ് ഇൻസ്പെക്ടർ ബൈജു ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പഴുതടച്ചുള്ള അന്വേഷണമാണ് നടത്തുന്നത്.
കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, പീഡനം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
രണ്ടു ദിവസങ്ങളിലായി പ്രതികളെ ഇളന്തൂരിലെ വീട്ടിലെത്തിച്ച് ഡമ്മി പരീക്ഷണം നടത്തിയാണ് അന്വേഷണ സംഘം തെളിവെടുത്തത്.
പ്രതികളുമായി ആദ്യം ഇലന്തൂരിലെ വീട്ടിലെത്തിയ പോലീസിന് രണ്ടു മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്താനായി.
വീണ്ടും ഡമ്മി പരിശോധന
കൊല നടത്തി പ്രതികൾ അതീവ രഹസ്യമായി കുഴിച്ചിട്ട മൃതദേഹങ്ങൾ പ്രതികൾ കാണിച്ചുകൊടുത്ത സ്ഥലങ്ങളിലെ കുഴിയിൽനിന്ന് കണ്ടെത്തുകയാണുണ്ടായത്.
മൂന്നു മണിക്കൂർ വീതമെടുത്താണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ആദ്യം കണ്ടെടുത്തത് പത്മയുടെ മൃതദേഹം ആയിരുന്നു.
കേസിലെ പ്രതിയായ ഷാഫി കാണിച്ചുകൊടുത്ത സ്ഥലത്തുനിന്ന് പോലീസ് ഏർപ്പാടാക്കിയ സമീപവാസി ശരീരാവശിഷ്ടങ്ങൾ കുഴിച്ചെടുത്തു.
പത്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി ഒറ്റ കുഴിയിലായിരുന്നു നിക്ഷേപിച്ചിരുന്നത്. പറന്പിലെ ചെന്പരത്തി ചെടികൾക്കിടയിൽ നിന്നാണ് റോസിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഭഗവൽ സിംഗും ലൈലയുമായിരുന്നു ഈ സ്ഥലം കാണിച്ചുകൊടുത്തത്.
രണ്ടു കുഴികളിലായിട്ടായിരുന്നു റോസിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ടിരുന്നത്. ആദ്യത്തെ കുഴിയിൽനിന്ന് രണ്ടു കൈകളും തൊട്ടടുത്ത കുഴിയിൽനിന്ന് ബാക്കി ഭാഗങ്ങളും കണ്ടെടുത്തു.
തുണിയിൽ പൊതിഞ്ഞ് കയർ കെട്ടിയ നിലയിലായിരുന്നു അത്. കുഴിയിൽ 30 രൂപയുടെ നാണയങ്ങൾ, കുട, ബാഗ്, ചെരിപ്പ്, പെർഫ്യൂം, മാസ്ക്, താക്കോൽ, ചീപ്പ് എന്നിവയും ഉണ്ടായിരുന്നു.
ഉപ്പു വിതറിയാണ് അവശിഷ്ടങ്ങൾ മറവു ചെയ്തത്. കൊലയ്ക്ക് ഉപയോഗിച്ച കറിക്കത്തിയും വാക്കത്തിയും ഉൾപ്പെടെയുള്ള ആയുധങ്ങളും പോലീസ് കണ്ടെടുത്തു.
മൃതദേഹങ്ങളിൽ മുറിവുകൾ കണ്ടെത്തിയതിന്റെ ഭാഗമായി ഇന്നലെയും വീണ്ടും ഡമ്മി പരിശോധന നടത്തുകയുണ്ടായി. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേസുമായി ബന്ധപ്പെട്ട് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഉത്തരം കാണേണ്ടത് നിരവധി ചോദ്യങ്ങൾക്ക്
പ്രതികളുടെ കസ്റ്റഡി കാലവധി 24ന് തീരാനിരിക്കെ നിരവധി ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തേണ്ടത്.
അന്വേഷണ പുരോഗതി വിലയിരുത്താൻ എന്നും ചേരുന്ന യോഗത്തിനുശേഷം ഇഴകീറിയുള്ള പരിശോധനകളും ചോദ്യം ചെയ്യലുകളുമാണ് നടക്കുന്നത്.
കേസിൽ പ്രതികളുടെ മുൻകാല കുറ്റകൃത്യ പശ്ചാത്തലം, ഒന്നാംപ്രതി മുഹമ്മദ് ഷാഫിയുടെ പേരിൽ ഉയർന്നുകേട്ട ലഹരി, സെക്സ് റാക്കറ്റ് ബന്ധം,
ഷാഫിയുടെ ഹോട്ടലിൽ സ്ഥിരമായി വന്നുപോയവരുടെ വിവരങ്ങൾ, ആറാംക്ലാസ് വിദ്യാഭ്യാസമുള്ള ഷാഫിയുടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനുള്ള പ്രാവീണ്യം,
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ, പ്രതികളുടെ മറ്റ് ലക്ഷ്യങ്ങൾ എന്തൊക്കെയായിരുന്നു, ഇലന്തൂരിലെ വീട്ടിലേക്ക് മറ്റ് ആളുകളെ എത്തിച്ചിട്ടുണ്ടോ,
കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ, ഇവ വാങ്ങിയ സ്ഥലം, കൊലപാതകത്തിനുശേഷം മനുഷ്യ മാംസം ഭക്ഷിച്ചുവെന്ന കാര്യത്തിൽ വ്യക്തത,
കൊലപാതകത്തിലടക്കം പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച ഷാഫി സമാനരീതിയിൽ മാറ്റാരെയെങ്കിലും ചതിയിൽപ്പെടുത്തിയിട്ടുണ്ടോ തുടങ്ങി നിരവധി സുപ്രധാന ചോദ്യങ്ങൾക്കാണ് പോലീസ് ഉത്തരം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.
(തുടരും)