കൂത്തുപറമ്പ്: സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ പാനൂർ വള്ളിയായിലെ വിഷ്ണുപ്രിയയ്ക്ക് യാത്രമൊഴിയേകി വൻ ജനാവലി.
പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും തുടങ്ങിആയിരങ്ങളാണ് അന്ത്യാഞ്ജലിയ ർപ്പിച്ചത്.
സങ്കടം കടിച്ചമർത്താൻ ശ്രമിച്ച പലരും, സാധിക്കാതെ വിങ്ങിപ്പൊട്ടി. ഒരു മണിക്കൂറോളം നീണ്ട പൊതുദർശനത്തിന് ശേഷം 3.30 ഓടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
പ്രതിയെ സ്വന്തം വീട്ടിലെത്തിച്ച് തെളിവെടുത്തു
വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശ്യാംജിത്തിനെ ഇയാളുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
കൊല നടത്താൻ ഉപയോഗിച്ച ചുറ്റികയും കത്തിയും ഉൾപ്പെടെ ആയുധങ്ങളും ശ്യാംജിത്തിന്റെ വീടിനു സമീപം വയലിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെത്തി.
ഇന്നലെ രാവിലെ എട്ടോടെയാണ് ശ്യാംജിത്തിനെ കനത്ത പോലീസ് സുരക്ഷയിൽ മാനന്തേരിയിൽ എത്തിച്ചത്.
വീടിന് മുന്നിലെ വയലിലെ ചെറിയ കുളത്തിൽ താഴ്ത്തിയ ഒരു ബാഗ് ശ്യാംജിത്ത് പുറത്തെടുത്ത് നൽകി. തുടർന്ന് ബാഗ് പോലീസ് തുറന്ന് പരിശോധിച്ചു.
കൃത്യത്തിന് ഉപയോഗിച്ച കത്തി, ചുറ്റിക, കുത്തിരുമ്പ്, ഇടിക്കട്ട എന്നിവയ്ക്കൊപ്പം കൊലപാതകം നടത്തുന്ന സമയത്ത് ഇയാൾ ധരിച്ച വസ്ത്രങ്ങൾ ഷൂസ്, സോക്സ്, മാസ്ക്ക്, തൊപ്പി, ഗ്ലൗസ്, മുളക് പൊടി എന്നിവയെല്ലാം ബാഗിൽ നിന്നു കണ്ടെടുത്തു.
പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനായി ബാർബർ ഷോപ്പിൽനിന്നു ശേഖരിച്ച മുടിയും പ്രതി ബാഗിനകത്ത് വച്ചിരുന്നു.
ഇവയെല്ലാം ബാഗിലാക്കി ചെങ്കല്ലുമിട്ട് ബാഗ് കുളത്തിൽ താഴ്ത്തിയ നിലയിലായിരുന്നു. എന്തൊക്കെ ആയുധങ്ങളാണു കൊലപാതകത്തിന് ഉപയോഗിച്ചത്,
മറ്റു വസ്തുക്കൾ എന്തിനു കൊണ്ടുപോയി എന്നതടക്കമുള്ള കാര്യങ്ങളെല്ലാം യാതൊരു ഭാവ വ്യത്യാസമില്ലാതെ ശ്യാംജിത്ത് പോലീസിനോട് വിവരിച്ചു.
തുടർന്ന് ഇവിടെനിന്നു പോലീസ് പ്രതിയുടെ വീട്ടിലെത്തിച്ചും തെളിവെടുത്തു. കൊലപാതകം നടത്താൻ വിഷ്ണുപ്രിയയുടെ വീട്ടിലെത്താനും തിരിച്ചു വരാനും ഉപയോഗിച്ച ബൈക്കും വീടിന്റെ മുറ്റത്ത് നിർത്തിയിട്ട നിലയിൽ പോലീസ് കണ്ടെത്തി.
കൊലപാതകം നടത്താൻ ഉപയോഗിച്ച കത്തി നിർമിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും വീട്ടിൽനിന്നു കണ്ടെടുത്തു.
കൊലയ്ക്ക് ഉപയോഗിച്ച കത്തി ഉണ്ടാക്കിയത് സ്വന്തമായി
വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ശ്യാംജിത്ത് ഉണ്ടാക്കിയതു സ്വന്തമായി.
ഇതിനായി ഇരുമ്പു വാങ്ങിക്കൊണ്ടു വന്ന് അരം പോലെയുള്ള ആയുധംകൊണ്ടാണ് ഇരു ഭാഗവും മൂർച്ചയുള്ള കത്തിനിർമിച്ചതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി.