തിരുവനന്തപുരം: സ്വപ്ന ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റയ്ക്ക് ക്ഷണിച്ചെന്ന ആരോപണം തെറ്റാണെന്നു ശ്രീരാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
അനാവശ്യമായ മെസേജുകള്‍ അയച്ചിട്ടില്ല. സന്ദര്‍ശിക്കാന്‍ വരുന്നത് ആരായാലും, സ്ത്രീയായാലും പുരുഷനായാലും താന്‍ മോശമായി പെരുമാറിയിട്ടില്ല. പാര്‍ട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കും.
ഔദ്യോഗികവസതിയില്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്നയും വന്നിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ക്ഷണിക്കാനും മറ്റും വരുന്ന സമയത്ത് ഭര്‍ത്താവും, മകനും ഒരുമിച്ചാണ് വന്നിട്ടുള്ളത്.
ഇവിടെ എത്തുന്നതിനു മുന്‍പ് പൊലീസ് കാവല്‍ ഉള്ള 2 ഗേറ്റുകള്‍ കടക്കണം. ഇവിടെ പകല്‍സമയത്ത് ജീവനക്കാര്‍ പലരുമുണ്ട്. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് ആരെങ്കിലും ഒറ്റക്ക് വസതിയില്‍ വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം തനിക്കില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
താന്‍ ഇവിടെ കുടുംബമായാണ് താമസിച്ചിരുന്നത്. ഗൂഢാലോചനയുടെ രാഷ്ട്രീയമാണ് സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പുറകിലുള്ള ലക്ഷ്യമെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.