കോട്ടയം: കാത്തിരിപ്പിനു വിരാമമായി, ചെളിയും പൊടിയും നിറഞ്ഞ് ബസ് കാത്തു നിൽക്കൻ സ്ഥലമില്ലാതെ മഴയും വെയിലുമേറ്റ് ഇനി നിൽക്കേണ്ട, യാത്രക്കാര്‍ക്ക് ആശ്വാസമായി കോട്ടയം കെഎസ്ആര്‍ടിസിയില്‍ പുതിയ ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 1.81 കോടി രൂപ ചെലവിട്ടാണ് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഒരു നിലയുള്ള കാത്തിരിപ്പുകേന്ദ്രവും അനുബന്ധ സംവിധാനങ്ങളുമടക്കം 6000 ചതുരശ്ര അടിയിലാണ് ടെര്‍മിനല്‍. കാലപ്പഴക്കത്തില്‍ അപകടാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചാണ് ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്.
തറയോടുകള്‍ പാകിയതോടെ സ്റ്റാന്‍ഡിലെ കുഴികള്‍ മാറി. ഒരേ സമയം 10 ബസുകള്‍ നിരനിരയായി ടെര്‍മിനലിനു മുന്നില്‍ പാര്‍ക്കു ചെയ്യാം.
മറ്റു ബസുകളുടെ പാര്‍ക്കിംഗ് ടെര്‍മിനലിന്റെ മറുഭാഗത്താണ്. എന്‍ക്വയറി, സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ്, കണ്ട്രോളിംഗ് ഇന്‍സ്പെക്ടറുടെ ഓഫീസ്, സെക്യൂരിറ്റി ഓഫീസ്, പോലീസ് എയ്ഡ്പോസ്റ്റ് എന്നിവ ടെര്‍മിനലിലുണ്ട്.
ഇതുകൂടാതെ യാത്രക്കാര്‍ക്കായി 16 ശുചിമുറികളുമുണ്ട്. കോഫി ഷോപ്പും ബുക്സ്റ്റാളും വിശ്രമമുറിയുമുണ്ട്.നവീകരിച്ച ബസ് ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ചാലും പൊളിക്കാതിരുന്ന പഴയ കെട്ടിടം ഉപേക്ഷിക്കില്ല.
ഇത് ഓഫീസായി തുടരും. ഡിടിഒ, ഓപ്പറേറ്റിംഗ് ഓഫീസ്, കാഷ് കൗണ്ടര്‍ എന്നിവ നിലവില്‍ ഇവിടെയാണ്. കണ്ടക്ടര്‍, ഡ്രൈവര്‍മാര്‍, മെക്കാനിക് ജീവനക്കാരുടെ മുറികള്‍ ഇവിടെ പ്രവര്‍ത്തിക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം ഗതാഗതമന്ത്രി ആന്റണി രാജു ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായി മന്ത്രി വി.എന്‍. വാസവന്.
തോമസ് ചാഴികാടന് എംപി, കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍, ജില്ലാ കളക്ടര്‍ പി. കെ. ജയശ്രീ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്താണ് പുതിയ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണത്തിനായി അനുമതി ലഭിച്ചത്.
ഇതിനായി 37 കോടി 24 ലക്ഷം രൂപയുടെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാർ മാറിയതോടെ പദ്ധതി ഒച്ചിഴയുന്ന വേഗത്തിലാകുകയും പദ്ധതി പൂര്‍ണമായി മുടങ്ങുകയും ചെയ്തു.
തുടര്‍ന്ന് ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നതിനും യാര്‍ഡ് ടൈല്‍ പാകി ആധുനിക രീതിയില്‍ നവീകരിക്കുന്നതിനുമായി ആസ്തിവികസന ഫണ്ടില്‍ നിന്നും ഒരു കോടി 81 ലക്ഷം രൂപ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ വകയിരുത്തിയാണ് പണി പൂർത്തിയാക്കിയത്.
ഹാബിറ്റാറ്റ് എന്ന കന്പനിയെ ആദ്യം ചുമതലപ്പെടുത്തിയെങ്കിലും നിർമാണ പ്രവർത്തനം വീണ്ടും തടസപ്പെട്ടു. തുടർന്ന് എം.എൽഎ ഇടപെട്ട് മന്ത്രിതല ചർച്ചകൾക്കുശേഷം ഹിന്ദുസ്ഥാൻ പ്രീഫാബ് ലിമിറ്റഡ് എന്ന കന്പനിയ്ക്ക് നിർമ്മാണപ്രവർത്തനം നൽകുകയും പ്രവർത്തി പൂർത്തികരിക്കുകയും ചെയ്തു.