കോഴിക്കോട്: താമരശേരിയില്‍ മുന്‍പ്രവാസിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്.
തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ടു കാറുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാന്‍ സഹായം ചെയ്ത മൂന്നുപേര്‍ താമരശേരി പോലിസിന്റെ കസ്റ്റഡിയിലുണ്ട്.
താമരശേരി സംസ്ഥാന പാതയില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന തച്ചംപൊയില്‍ അവേലം പയ്യമ്പടി വീട്ടില്‍ മുഹമ്മദ് അഷ്റഫ് എന്ന വിച്ചിയെ (55) ആണ് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.ശനിയാഴ്ച രാത്രി ഒമ്പതേ മുക്കാലിനായിരുന്നു സംഭവം.
ഞായറാഴ്ചയും ഇന്നലെയുമായി പ്രതികള്‍ ഉപയോഗിച്ച കാറുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയും ചെയ്തു.
മലപ്പുറം ഭാഗത്തേക്ക് കാര്‍ ഓടിച്ചുപോയ പ്രതികള്‍ അവിടെ എവിടെയെങ്കിലും അഷ്റഫിനെ താമസിപ്പിച്ചിട്ടുണ്ടാകമെന്നാണ് കരുതുന്നത്.
കണ്ടെടുത്ത കാറുകള്‍ക്കുപുറമേ മറ്റേതെങ്കിലും വാഹനം ഉപയോഗിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.തട്ടിക്കൊണ്ടുപോയതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
അഷ്റഫിന്റെ ബന്ധുക്കളുടെ പരാതിയിലാണ് താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.അഷ്റഫിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ഒരു കാര്‍ കഴിഞ്ഞ ദിവസം മുക്കത്തുനിന്ന് കണ്ടെടുത്തിരുന്നു.
രണ്ടാമത്തെ കാര്‍ ഇന്നലെയും കണ്ടെത്തി. ഗള്‍ഫിലെ യുവാവിന്റെ സാമ്പത്തിക ഇടപാടിന്റെ പേരില്‍ ആ കുടുംബത്തെ ഭീഷണിപ്പെടുത്താനാണ് അവരുടെ ബന്ധു വായ അഷ്റഫിനെ തട്ടിക്കൊണ്ട് പോയതെന്നാണ് പോലീസ് പറയുന്നത്.
അഷ്റഫിന്റെ ദുബായിലുള്ള ഭാര്യ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോയതിലേക്ക് നയിച്ചത്. മുക്കത്ത് എ ടു ഇസെഡ് എന്ന സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയാണ് അഷ്റഫ്.
രണ്ടു കാറുകളിലായി മുക്കം ഭാഗത്തു നിന്ന് പിന്തുടര്ന്നു വന്നാണ് തട്ടിക്കൊണ്ട് പോയത്. താമരശേരി – മുക്കം റോഡില്‍ വെഴുപ്പൂര്‍ സ്കൂളിനു സമീപം കാര്‍ റോഡിനു കുറുകെ നിര്‍ത്തി അഷ്റഫിന്റെ കാര്‍ തടയുകയായിരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലും പേരാമ്പ്രയില്‍ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് അന്‍സല്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിലും പ്രതിയായ കൊടിയത്തൂര്‍ സ്വദേശി ഉള്‍പ്പെട്ട സംഘമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നില്‍.
അഫ്റഫിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറുകള്‍ സംഘം മുക്കത്തു നിന്ന് വാടകക്കെടുത്തതാണ്. കൊടിയത്തൂര്‍ സ്വദേശിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് കാര്‍ വാടകക്ക് എടുത്തത്.
താമരശേരി ഡിവൈഎസ്പി ടി.കെ.അഷ്റഫ്, ഇന്‍സ്പെക്ടര്‍ ടി.എ.അഗസ്റ്റിന് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തുന്നത്.