കൊച്ചി: എറണാകുളം ഗിരിനഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഉത്തരേന്ത്യൻ യുവതിയുടെ മൃതദേഹം പ്ലാസിക് കവറിൽ പൊതിഞ്ഞ് ബാഗിൽ ഒളിപ്പിച്ച നിലയിൽ മുറിയിൽ കണ്ടെത്തി.
ഇവർക്കൊപ്പം താമസിച്ചിരുന്ന ഭർത്താവ് സംഭവത്തെ തുടർന്ന് ഒളിവിലാണ്. മഹാരാഷ്ട്ര സ്വദേശി റാം ബഹദൂർ ബിസ്ത്തിന്റെ ഭാര്യ ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.
ഇവർക്ക് ഏകദേശം മുപ്പതിനും നാൽപതിനും ഇടയ്ക്ക് പ്രായം വരും. ദന്പതികളുടെ പേരുകളിൽ അവ്യക്തതയുണ്ടെന്നും വീട്ടുടമയ്ക്ക് നൽകിയ തിരിച്ചറിയൽ രേഖ വ്യാജമാണെന്ന് സംശയിക്കുന്നതായും ഡിസിപി എസ്. ശശിധരൻ പറഞ്ഞു.
ഇന്നലെ വൈകുന്നേരം വീട്ടിൽനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുടമയായ സ്ത്രീ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
എറണാകുളം സൗത്ത് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ബാഗിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം ആദ്യം തുണിയിൽ പൊതിഞ്ഞ് പിന്നീട് പുതപ്പിലും പ്ലാസ്റ്റിക് ബാഗിൽ വീണ്ടും പുതപ്പിലും പൊതിഞ്ഞ് ശേഷമാണ് പ്ലാസ്റ്റിക് ബാഗിലാക്കിയിരിക്കുന്നത്.
മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്ന് എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസൽ പറഞ്ഞു.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ 46കാരനായ റാം ബഹാദൂറിന്റെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
കൊലയ്ക്കുശേഷം ഇയാൾ നാടുവിട്ടിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ് സംഘം. കഴിഞ്ഞ ഒന്നര വർഷമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്.
ഹെയർ ഫിക്സിംഗ് ജോലി ചെയ്തിരുന്ന റാം ബഹാദൂർ ഏകദേശം 10 വർഷത്തോളമായി പനന്പള്ളി നഗർ ഭാഗത്ത് താമസിച്ചു വരികയായിരുന്നു.
രണ്ടുവർഷം മുന്പ് പനന്പിള്ളി നഗറിൽ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് അവിടെ ഹെയർ ഫിക്സിംഗ് സ്ഥാപനം നടത്തുകയായിരുന്നു.
വാടക കരാറിൽ കൊടുത്തിരിക്കുന്നത് പനന്പിള്ളി നഗറിലെ വിലാസമാണ്. ഇവർ താമസിച്ചിരുന്ന ഇരുനില വീടിന്റെ മുകൾ നിലയിൽ ഒരു ഭാഗത്ത് വെസ്റ്റ് ബംഗാൾ സ്വദേശികളും മറ്റൊരു ഭാഗത്ത് തമിഴ്നാട് സ്വദേശികളായ കുടുംബവുമാണ് താമസിക്കുന്നത്.
തമിഴ്നാട് സ്വദേശികൾ ദീപാവലിക്ക് നാട്ടിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ മുകളിൽ റൂഫ് ഇട്ടിരിക്കുന്ന ഭാഗത്ത് ഇരുന്പനം സ്വദേശി കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്.
കഴിഞ്ഞ 19-നാണ് ലക്ഷ്മിയെ പരിസരവാസികൾ അവസാനമായി കണ്ടത്. ഇവരെ പിന്നീട് കാണാതായപ്പോൾ നാട്ടിൽ പോയതായിരിക്കും എന്നാണ് മറ്റുള്ളവർ കരുതിയത്.
സയന്റിഫിക് വിഭാഗം, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ തന്നെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.