നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1.13 കോടി രൂപയുടെ സ്വർണം പിടികൂടി.
ഷാർജയിൽനിന്നും നെടുന്പാശേരി വിമാനത്താവളത്തിൽ ഇന്നലെ വന്നിറങ്ങിയ രണ്ട് യാത്രക്കാരിൽനിന്നായാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സ്വർണം പിടികൂടിയത്.
78 ലക്ഷം രൂപ വില വരുന്ന 1762 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി മുഹമ്മദ് ദിൽഷാദാണ് ആദ്യം പിടിയിലായത്.
സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഇരു കാല്പാദങ്ങളുടേയും താഴെ അതിവിദഗ്ധമായി ഒട്ടിച്ചു ചേർത്ത ശേഷം സോക്സും ഷൂസും ധരിക്കുകയായിരുന്നു.
ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസുകാർ ഷൂ അഴിപ്പിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം പിടികൂടിയത്.
രണ്ടാമത്തെ സംഭവത്തിൽ 35 ലക്ഷം രൂപ വിലവരുന്ന 912 ഗ്രാം സ്വർണ മിശ്രിതവുമായി മലപ്പുറം സ്വദേശിയായ മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്.
സ്വർണ മിശ്രിതം നാല് കാപ് സ്വൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തുവാൻ ശ്രമിച്ചത്. ഇതിൽ 775.20 ഗ്രാം ശരിയായ സ്വർണം ഉണ്ടാകുമെന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിനു മുമ്പ് സ്വർണം ലായനിയാക്കി മാറ്റി തോർത്തിൽ ലയിപ്പിച്ച് കൊണ്ടുവന്നതും പിടികൂടിയിരുന്നു.